ഡല്‍ഹി കലാപം: അനുബന്ധ കുറ്റപത്രത്തില്‍ ആര്‍.എസ്.എസിനെതിരെ പരാമർശം
text_fieldsന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ആർ.എസ്.എസിനെതിരെയും പരാമർശം. ഗോകുൽപുരിയിൽ മുസ്ലിമുകളെ ആക്രമിക്കാൻ ആർ.എസ്.എസ് പ്രവർത്തകർ സഹായത്തിന് എത്തിയെന്ന് ഹാഷിം അലിയടക്കം ഒമ്പത് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാൾ നൽകിയ മൊഴിയാണ് ഡൽഹി പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേട്ട് പുരുഷോത്തം പഥക്കിന് മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിൽ ആർ.എസ്.എസിനെതിരെ മാത്രമല്ല, ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെയും പരാമർശമുണ്ട്.
വടക്കു കിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയിൽ ഹാഷിം അലി, സഹോദരൻ ആമിർ ഖാൻ എന്നിവരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ ലോകേഷ് കുമാർ സോളങ്കി, പങ്കജ് ശർമ്മ, സുമീത് ചൗധരി, അങ്കിത് ചൗധരി, പ്രിൻസ്, ജതിൻ ശർമ്മ, വിവേക് പഞ്ചൽ, ഋഷഭ് ചൗധരി, ഹിമാൻഷു ഠാക്കൂർ എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.
ആർ.എസ്.എസ് ബന്ധമുള്ള ഇവർ ഫെബ്രുവരി 25ന് മുസ്ലിം സമുദായാംഗങ്ങൾക്കെതിരെ പ്രതികാരം ചെയ്യുന്നതിന് 'ഖട്ടർ ഹിന്ദു ഏകത' എന്ന പേരിൽ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ ഗ്രൂപ്പിലെ ചില സന്ദേശങ്ങളിലെ ആർ.എസ്.എസ് പരാമർശമാണ് പോലീസ് കോടതിയിൽ നൽകിയിരിക്കുന്ന അനുബന്ധ കുറ്റപത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായി നടന്നിരുന്നുവെന്ന് ഡൽഹി പൊലീസ് പറയുന്നു. മുസ്ലിം പള്ളികളും മദ്രസകളും തകർക്കണം, മുസ്ലിമുകളെ കൊല്ലണം തുടങ്ങിയ സന്ദേശങ്ങളൊക്കെ ഈ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു അംഗം മുസ്ലിമുകളെ ആക്രമിക്കാൻ സഹായത്തിനായി ആർ.എസ്.എസ്. പ്രവർത്തകർ എത്തുമെന്ന സന്ദേശവും നൽകിയിട്ടുണ്ട്. അവകാശപ്പെട്ട് നൽകിയ പരാമർശമാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ ആഹ്വാനങ്ങളും ഗ്രൂപ്പിൽ പ്രചരിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം കഴിഞ്ഞ ശേഷം പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് പ്രക്ഷോഭം നടത്തുന്നവർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങണമെന്ന് കപിൽ മിശ്ര സൂചിപ്പിച്ചതായാണ് ഈ വാട്ട്സ് ആപ്പ് സന്ദേശങ്ങളിൽ വ്യക്തമാക്കുന്നത്. ഇതും അനുബന്ധ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.
Sent from my iPhone
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.