ത്രിവർണ്ണമണിയാതെ ആർ.എസ്.എസ് പ്രൊഫൈലുകൾ; വ്യാപക വിമർശനം
text_fieldsന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കാനുള്ള കാമ്പയിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് പോകുമ്പോഴും മാറ്റമില്ലാതെ ആർ.എസ്.എസ് അക്കൗണ്ടുകൾ. ഫേസ്ബുക്കിലേയും ട്വിറ്ററിലേയും ആർ.എസ്.എസിന്റെ പ്രൊഫൈലുകൾ ഇനിയും ത്രിവർണ്ണമണിഞ്ഞിട്ടില്ല. വ്യാപകവിമർശനം ഉയർന്നതോടെ ഇത് വിവാദമാക്കേണ്ടെന്ന നിലപാടുമായി ആർ.എസ്.എസ് രംഗത്തെത്തി.
ആർ.എസ്.എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്കറാണ് ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചത്. ആർ.എസ്.എസ് പ്രൊഫൈൽ ചിത്രം മാറ്റാത്തത് രാഷ്ട്രീയവിവാദമാക്കേണ്ട കാര്യമില്ല. 'ഹർ ഗർ തിരങ്ക' കാമ്പയിനിനും ആസാദി കാ അമൃത് മഹോത്സവത്തിനും നേരത്തെ തന്നെ ആർ.എസ്.എസ് പിന്തുണയറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നു. ഇതിനൊപ്പം പ്രൊഫൈൽ ചിത്രം ത്രിവർണമാക്കണമെന്നും നിർദേശമുണ്ടായിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാർ പ്രൊഫൈൽ ചിത്രം ത്രിവർണമാക്കിയിരുന്നു. ജവഹർലാൽ നെഹ്റു ദേശീയപതാകയുമായി നിൽക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പങ്കുവെച്ചിരുന്നു. പക്ഷേ കാമ്പയിൻ ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ആർ.എസ്.എസിന്റെ അക്കൗണ്ടുകൾ മാത്രം ത്രിവർണ്ണമണിയാതെ നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.