ബി.ജെ.പിയുമായി ഭിന്നതയില്ലെന്ന് ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: ബി.ജെ.പിയുമായി ഭിന്നതയില്ലെന്നറിയിച്ച് ആർ.എസ്.എസ്. സംഘപരിവാറും ബി.ജെ.പിയും തമ്മിൽ ഭിന്നതയില്ലെന്ന വാർത്ത ആർ.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് പി.ടി.ഐയാണ് നൽകിയത്. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റായി വ്യഖ്യാനിക്കുകയായിരുന്നുവെന്നും സംഘടന വ്യക്തമാക്കി.
2014ലും 19ലും തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ പ്രസംഗത്തിൽ നിന്നും 2024ൽ ഭാഗവത് നടത്തിയ പ്രതികരണത്തിന് കാര്യമായ വ്യത്യാസമില്ല. അദ്ദേഹത്തിന്റെ ചില വാക്കുകൾ മാത്രമെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉണ്ടായത്. ഭാഗവതിന്റെ അഹങ്കാരം സംബന്ധിച്ച വാക്കുകൾ മോദിയേയോ മറ്റ് ബി.ജെ.പി നേതാക്കളെയോ ഉദ്ദേശിച്ചുള്ളതല്ലെന്നും ആർ.എസ്.എസ് വിശദീകരിച്ചുവെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയെ കുറിച്ച് സൂചിപ്പിച്ച ഭാഗവത് മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അഹങ്കാരവും അഹന്തയുമില്ലാതെ, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജനങ്ങളെ സേവിക്കുന്നവരാണ് യഥാര്‍ഥ സ്വയം സേവകരെന്ന് ഭാഗവത് പറഞ്ഞു. മര്യാദയും മാന്യതയും കൈവിട്ടാണ് എല്ലാ വിഭാഗവും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറും ബി.ജെ.പിയെ വിമർശിച്ചിരുന്നു. അഹങ്കാരം മൂലം ഭഗവാൻ ശ്രീരാമൻ ബി.ജെ.പിയെ 241 സീറ്റിൽ നിർത്തിയെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പരാമർശം. പിന്നീട് പരാമർശത്തിൽ നിന്നും അദ്ദേഹം യുടേൺ അടിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.