'കേരളത്തിലും കശ്മീരിലും റൂട്ട് മാർച്ചിന് അനുമതിയുണ്ട്, പിന്നെന്താ തമിഴ്നാട്ടിൽ'; വിധിക്കെതിരെ ആർ.എസ്.എസ്
text_fieldsനവംബര്‍ ആറിന് തമിഴ്നാട്ടില്‍ വ്യാപകമായി റൂട്ട് മാർച്ച് നടത്താൻ ആർ.എസ്.എസ് തീരുമാനിച്ചിരുന്നു. എന്നാൽ, സ്റ്റാലിൻ സർക്കാർ ഇവർക്കുള്ള അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ആർ.എസ്.എസ് കോടതിയെ സമീപിച്ചു. റൂട്ട് മാർച്ചിനിടെ ആക്രമണങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകൾ മുന്നിൽകണ്ട് അതീവ കർശന നിയന്ത്രണങ്ങളോടെ മാർച്ച് നടത്താൻ കോടതി അനുമതി നൽകി. കർശന ഉപാധികളോടെ റൂട്ട് മാർച്ച് നടത്താൻ താൽപര്യമില്ല എന്നാണ് ഇപ്പോൾ ആർ.എസ്.എസ് അറിയിച്ചിരിക്കുന്നത്.
നിബന്ധനകളോടെ റാലിക്ക് അനുമതി നല്‍കിയ മദ്രാസ് ഹൈകോടതി തീരുമാനത്തില്‍ എതിര്‍പ്പുന്നയിച്ചാണ് ആര്‍.എസ്.എസ് പരിപാടികള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ യോഗത്തിനു ശേഷമാണ് ഔദ്യോഗിക പ്രതികരണം. അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ മാത്രമേ റാലികള്‍ നടത്താവൂ എന്ന നവംബര്‍ നാലിലെ കോടതി വിധി സ്വീകാര്യമല്ലെന്നാണ് ആർ.എസ്.എസ് ദക്ഷിണമേഖലാ അധ്യക്ഷന്‍ ആര്‍. വന്നിരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
60ല്‍ 44 ഇടങ്ങളില്‍ ആർ.എസ്.എസ് റാലി നടത്താന്‍ മദ്രാസ് ഹൈകോടതി അനുമതി നല്‍കി. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലോ ഗ്രൗണ്ടിലോ ഉള്ള റാലികള്‍ക്ക് മാത്രമേ കോടതി അനുമതി നല്‍കിയിട്ടുള്ളൂ. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും വന്നിരാജന്‍ പറഞ്ഞു.
'ഇന്നലെയാണ് ഹൈക്കോടതി വിധി വന്നത്. ആദ്യം 44 സ്ഥലങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും ആറ് ഇടങ്ങളില്‍ മാറ്റിവെച്ചുവെന്നുമാണ് പറഞ്ഞത്. ഉത്തരവ് കണ്ടപ്പോള്‍ 44 ഇടങ്ങളിലും അനുമതി ലഭിച്ചതായി അറിയാന്‍ കഴിഞ്ഞു. അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കുള്ളിലെ പരിപാടികള്‍ക്ക് ഇത്തരത്തില്‍ അനുമതി ആവശ്യമില്ല'' - ആർ.എസ്.എസിന്റെ അഭിഭാഷകന്‍ റബു മനോഹര്‍ പറഞ്ഞു.
'ഞങ്ങള്‍ കഴിഞ്ഞ 98 വര്‍ഷമായി പൊതുസ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നുണ്ട്. പൊതുസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മാത്രമേ ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ളൂ. ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലും റൂട്ട് മാര്‍ച്ചുകള്‍ക്ക് അനുമതിയുണ്ട്. കോടതിയലക്ഷ്യ ഹരജി ഉത്തരവായതിനാല്‍ ഏത് ഫോറത്തിലാണ് അപ്പീല്‍ സമര്‍പ്പിക്കേണ്ടതെന്ന് ഞങ്ങള്‍ പരിശോധിച്ച് വരികയാണ്'- മനോഹര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.