ആർ.എസ്.എസ് പിന്തുണയോടെ വീണ്ടും രഥയാത്ര
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ബാബരി മസ്ജിദ് കേസിൽ വാദംകേൾക്കൽ ആരംഭിച്ചതിനു പിന്നാലെ, ആർ.എസ്.എസ് പിന്തുണയോടെ രഥയാത്ര തുടങ്ങുന്നു.
അയോധ്യയിൽനിന്ന് തമിഴ്നാട്ടിലെ രാമേശ്വരത്തേക്കുള്ള യാത്രക്കിടെ നാല് സംസ്ഥാനങ്ങളിലൂടെ രഥം കടന്നുപോകും. ഒൗദ്യോഗികമായി രഥയാത്ര നടത്തുന്നത് മഹാരാഷ്ട്രയിലെ ‘ശ്രീ രാംദാസ് മിഷൻ യൂനിവേഴ്സൽ സൊസൈറ്റി’യാണ്. എന്നാൽ, ഫെബ്രുവരി 13 മുതൽ മാർച്ച് 23വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ആർ.എസ്.എസും അനുബന്ധ സംഘടനകളും പങ്കുചേരും. യാത്രയുടെ ഭാഗമായി 40 പൊതുയോഗങ്ങൾ ചേരും. അടുത്ത േലാക്സഭ തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമാണം ബി.ജെ.പിയുടെ പ്രധാന ആയുധമാക്കി മാറ്റുകയാണ് യാത്രയുടെ ലക്ഷ്യം.
‘രാം രാജ്യ രഥ് യാത്ര’ എന്ന പേരിലുള്ള പരിപാടി യു.പി മുഖ്യമന്ത്രി ആദിത്യനാഥ് വിശ്വഹിന്ദു പരിഷത്തിെൻറ അയോധ്യയിലെ ആസ്ഥാനമായ ‘കർസേവക്പുരത്ത്’ ഉദ്ഘാടനം ചെയ്യും. ഭാവിയിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാമെന്ന കണക്കുകൂട്ടലിൽ ശിൽപചാരുതയുള്ള തൂണുകൾ നിർമിക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്നത് ഇവിടെയാണ്. 1990ലാണ് ഇത് സ്ഥാപിച്ചത്. കേരളത്തിലും യാത്ര എത്തും. മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവയാണ് യാത്ര കടന്നുപോകുന്ന മറ്റു സംസ്ഥാനങ്ങൾ. യാത്രക്ക് തടസ്സമുണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആറ് സംസ്ഥാനങ്ങളിലെയും ഉന്നത പൊലീസ് കേന്ദ്രങ്ങൾക്ക് കത്തയച്ചതായാണ് റിപ്പോർട്ട്.
അയോധ്യയിൽ രഥയാത്രക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത് സംഘ് സംഘടനകളായ വി.എച്ച്.പിയും മുസ്ലിം രാഷ്ട്രീയ മഞ്ചും ചേർന്നാണ്. നിർദിഷ്ട രാമക്ഷേത്രത്തിെൻറ മാതൃകയിലാകും യാത്രക്കുള്ള രഥം ഒരുക്കുകയെന്നും ഇത് മുംബൈയിലാണ് തയാറാക്കുന്നതെന്നും മുസ്ലിം രാഷ്ട്രീയ മഞ്ച് കോഒാഡിനേറ്റർ (അവധ് മേഖല) അനിൽ കുമാർ സിൻഹ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.