ത്രിവർണ പതാകയും ആർ.എസ്.എസിന്റെ രാഷ്ട്രീയവും
text_fieldsന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ എല്ലാവരും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ത്രിവർണപതാകയുടേതാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഭരണകക്ഷിയായ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരും തങ്ങളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയിലേക്ക് മാറ്റി.
എന്നാൽ, രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) തലവൻ മോഹൻ ഭാഗവത്, ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബാലെ എന്നിവർ പ്രൊഫൈൽ ചിത്രം ദേശീയപതാകയാക്കിയില്ല. ഇതിന് പിന്നാലെ ആർ.എസ്.എസിന് ത്രിവർണ പതാകയുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് രംഗത്തെത്തി. കഴിഞ്ഞ 52 വർഷമായി ആർ.എസ്.എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി എം.പി. കുറ്റപ്പെടുത്തി.
ആരോപണം തള്ളിയ ആർ.എസ്.എസ്, 2000 അവസാനം വരെ സ്വകാര്യ സ്ഥലങ്ങളിൽ ദേശീയപാതാക ഉയർത്താൻ അനുമതിയില്ലായിരുന്നെന്ന് പ്രതികരിച്ചു. എന്നാൽ, നമ്മുടെ ദേശീയ ചരിത്രത്തെയും, പൈതൃകത്തെയും അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും ദേശീയ കാഴ്ചപ്പാടിൽ നിന്നോ സത്യത്തിൽ നിന്നോ പ്രചോദിതമല്ല പതാകയെന്ന് ആർ.എസ്.എസിന്റെ രണ്ടാമത്തെ തലവനായ എം.എസ്. ഗോൾവാൾക്കറിന്‍റെ 'വിചാരധാര' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1947ൽ സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റോറിയലിൽ മൂന്ന് നിറങ്ങളുള്ള പതാക തീർച്ചയായും വളരെ മോശമായ മാനസിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും രാജ്യത്തിന് ഇത് ഹാനികരമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ദേശീയപതാക ഒരിക്കലും ബഹുമാനിക്കപ്പെടില്ലെന്നും അത് ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും പറഞ്ഞിരുന്നു അതേസമയം, പതാക സംബന്ധിച്ച് സംഘടനക്ക് പ്രശ്നങ്ങളുണ്ടാകാമെങ്കിലും ഒരിക്കലും അതിനെ അനാദരിക്കുകയോ അംഗീകരിക്കാൻ വിസമ്മതിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആർ.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നത്.
അതേസമയം, പ്രൊഫൈൽ ചിത്രം മാറ്റാത്തതിനെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് ആർ.എസ്.എസ് നേതൃത്വം അഭിപ്രായപ്പെട്ടു. തങ്ങൾ ഹർ ഘർ തിരംഗയെ അനുകൂലിക്കുന്നതായി ആർ.എസ്.എസ് പ്രചാർ പ്രമുഖ് സുനിൽ അംബേദ്കർ വ്യക്തമാക്കി. ഇത്തരത്തിലുള്ള രാഷ്ട്രീയ വിവാദങ്ങൾ ഒരിക്കലും സംഘടനയെ ബാധിക്കില്ലെന്നും ആസാദി ക അമൃത് മഹോത്സവത്തെ സംഘടന പിന്തുണക്കുന്നുണ്ടെന്നും സുനിൽ പറഞ്ഞു.
സർക്കാരും സംഘടനയും സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും മുഴുവൻ സ്വയംസേവകരും പങെകടുക്കണമെന്ന് ജൂലൈയിൽ പറഞ്ഞതായും സുനിൽ കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ആർ.എസ്.എസ് നേതാക്കളും സംഘടനയുടെ ഔദ്യോഗിക അക്കൗണ്ടുകളും പ്രൊഫൈൽ ചിത്രം ത്രിവർണമാകാത്തത് എന്ന ചോദ്യത്തിന് 'ആരുടേയും സമ്മർദത്തിന് വഴങ്ങി ഞങ്ങൾ ഒരു തീരുമാനവും എടുക്കാറില്ല' എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.