കർഷക പ്രക്ഷോഭം അടിച്ചമർത്താൻ രണ്ടിടത്ത് സ്ഥാപിച്ചത് ഒമ്പതുലക്ഷത്തിന്‍റെ ബാരിക്കേഡുകൾ
text_fieldsന്യൂഡൽഹി: കർഷകപ്രക്ഷോഭം തടയാൻ ഡൽഹിയിൽ രണ്ടു അതിർത്തികളിൽ മാത്രം പൊലീസ് സ്ഥാപിച്ചത് ഒമ്പതുലക്ഷത്തിന്‍റെ ബാരിക്കേഡ്. രാജ്യതലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാതെ കർഷകരെ തടഞ്ഞ ഗാസിപുർ, സിംഘു, ടിക്രി അതിർത്തികളിലായിരുന്നു െപാലീസ് വിന്യാസം.
മൂന്നു അതിർത്തികളിൽ കൂറ്റൻ കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് കർഷകരെ പൊലീസ് തടഞ്ഞിരുന്നത്. ടിക്രി അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിന് 7,49,078രൂപ ഇതുവരെ ചിലവഴിച്ചു. ഗാസിപുർ അതിർത്തിയിൽ 1.57 ലക്ഷം രൂപയും. ഡൽഹിയുടെ കിഴക്കൻ ജില്ല അതിർത്തിയാണ് ഗാസിപൂർ.
അതേസമയം, വടക്കൻ അതിർത്തിക്ക് സമീപത്തെ സിംഘു അതിർത്തിയിൽ ചിലവഴിച്ച തുക വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. പ്രക്ഷോഭം തുടരുന്നതിനാൽ ചിലവുകൾ കണക്കുകൂട്ടാൻ പ്രയാസമാണെന്നായിരുന്നു പ്രതികരണം. ഡൽഹി പൊലീസിൽനിന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ വിവരം.
കർഷക പ്രക്ഷോഭം തുടങ്ങിയതോടെ കനത്ത സുരക്ഷയിലായിരുന്നു ഡൽഹി അതിർത്തികളും പരിസരപ്രദേശങ്ങളും. റിപ്പബ്ലിക് ദിനത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയതോടെ പ്രദേശം ഉരുക്കു കോട്ടകളാക്കി മാറ്റിയിരുന്നു. മൂന്നുപാളികളിൽ ബാരിക്കേഡുകളും വരിയായി പൊലീസുകാരും അണിനിരന്ന് യുദ്ധ സമാന സാഹചര്യം ഒരുക്കുകയായിരുന്നു ഡൽഹി പൊലീസ്.
കഴിഞ്ഞവർഷം നവംബർ മുതൽ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭവുമായി കർഷകർ തമ്പടിക്കുകയാണ്. കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.