ത്രിപുരയിൽ നിയമവാഴ്ച തകർന്നു -വസ്തുതാന്വേഷണ സംഘം
text_fieldsന്യൂഡല്‍ഹി: ത്രിപുരയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത അക്രമങ്ങളാണ് തെരഞ്ഞെടുപ്പിനു പിന്നാലെ നടക്കുന്നതെന്ന് പ്രതിപക്ഷ എം.പിമാരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മാര്‍ച്ച് രണ്ടു മുതല്‍ സംസ്ഥാനത്തുണ്ടായത് 1199 അക്രമസംഭവങ്ങളാണ്.
ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തില്‍ റോന്തുചുറ്റി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും അവരുടെ ജീവനോപാധികൾ തകർക്കുകയും ചെയ്യുകയാണെന്നും ശനിയാഴ്ച കേരള ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വസ്തുതാന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ സി.പി.എം എം.പി എളമരം കരീം പറഞ്ഞു.
സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ പാര്‍ട്ടികളില്‍ നിന്നുള്ള എട്ട് എം.പിമാരുടെ നേതൃത്വത്തിലുള്ള സംഘം മൂന്നു ഗ്രൂപ്പുകളായിട്ടാണ് അക്രമപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. വലിയതോതിലുള്ള അക്രമങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിച്ച മേഖലകളിലും ബി.ജെ.പി വിജയിച്ച മേഖലയിലും ഒരുപോലെ ആക്രമണം നടന്നു. വീടുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കു പുറമെ ചെറുകിട കര്‍ഷകരുടെ റബര്‍ മരങ്ങള്‍ തീവെച്ച് നശിപ്പിച്ചു. കച്ചവടസ്ഥാപനങ്ങള്‍ കൊള്ളയടിച്ചു.
വാഹനങ്ങള്‍ കത്തിച്ചു. വളര്‍ത്തുമൃഗങ്ങളെ തീവെച്ചുകൊന്നു. ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ജീവന് രക്ഷിക്കാനായി പ്രതിപക്ഷ പാര്‍ട്ടികളിലെ പല പ്രവര്‍ത്തകരും സ്വന്തം ഗ്രാമങ്ങളില്‍നിന്ന് മാറി കാടുകളില്‍ അഭയംപ്രാപിച്ചിരിക്കുകയാണ്. ചിലര്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ്. ഭയം കാരണം സംസ്ഥാനംതന്നെ വിട്ടുപോയവരുണ്ടെന്നും എം.പിമാര്‍ വ്യക്തമാക്കി. വാര്‍ത്തസമ്മേളനത്തില്‍ എം.പിമാരായ ബിനോയ് വിശ്വം, എ.എ. റഹീം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.