സി.സി.ടി.വിയടക്കമുള്ള രേഖകളുടെ പൊതുപരിശോധന തടയാൻ തെരഞ്ഞെടുപ്പ് ചട്ടം തിരുത്തി കേന്ദ്രം; തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യതയെ ഭയക്കുന്നുവെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: സി.സി.ടി.വി കാമറ, വെബ്‌കാസ്റ്റിംഗ് ദൃശ്യങ്ങൾ, സ്ഥാനാർഥികളുടെ വിഡിയോ റെക്കോർഡിങ്ങുകൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളുടെ പൊതു പരിശോധന തടയാൻ തെരഞ്ഞെടുപ്പ് ചട്ടത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ‘ദുരുപയോഗം’ തടയാൻ എന്ന പേരിലാണ് ചട്ട ഭേദഗതി. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യതയെ ഭയപ്പെടുകയാണെന്ന് കോൺഗ്രസ് ആഞ്ഞടിച്ചു. ഭേദഗതിയെ പാർട്ടി നിയമപരമായി വെല്ലുവിളിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പാനലിന്റെ ശിപാർശയെ അടിസ്ഥാനമാക്കി കേന്ദ്ര നിയമ മന്ത്രാലയം 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ 93ാം റൂൾ ആണ് ഭേദഗതി ചെയ്തത്. റൂൾ 93 അനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതു പരിശോധനക്ക് തുറന്നിട്ടിരിക്കും. എന്നാൽ, അങ്ങനെ പങ്കിടാവുന്ന രേഖകളുടെ ‘തരം’ ചട്ട ഭേദഗതിയിലൂടെ പരിമിതപ്പെടുത്തി.
ഒരു കേസിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഈ നീക്കം. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകളുടെ പകർപ്പ് അഭിഭാഷകനായ മെഹ്മൂദ് പ്രാചക്ക് നൽകണമെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി അടുത്തിടെ തെരഞ്ഞെടുപ്പ് പാനലിനോട് നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഡിയോഗ്രാഫി, സി.സി.ടി.വി കാമറ ദൃശ്യങ്ങൾ, ഫോറം 17സി, 1, 2 ഭാഗങ്ങൾ എന്നിവയുടെ പകർപ്പുകൾ ആവശ്യപ്പെട്ടാണ് അദ്ദേഹം ഹരജി നൽകിയത്.
എന്നാൽ, കമീഷൻ കോടതി വിധിക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിനുപകരം പങ്കിടാനാകുന്നവയുടെ പട്ടിക വെട്ടിക്കുറക്കുന്നതിന് നിയമഭേദഗതിക്ക് തിരക്കുകൂട്ടുകയാണ് ചെയ്തതെന്ന് ജയറാം രമേശ് പറഞ്ഞു. എന്തുകൊണ്ടാണ് ഇ.സി.ഐ സുതാര്യതയെ ഭയക്കുന്നത്? അഴിമതിയും അനാശാസ്യ പ്രവർത്തനങ്ങളും തുറന്നുകാട്ടുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും സുതാര്യതയും തുറന്ന മനസ്സും പ്രധാനമാണ്. അങ്ങനെ നൽകപ്പെടുന്ന വിവരങ്ങൾ ഈ പ്രക്രിയയിൽ വിശ്വാസം പുനഃസ്ഥാപിക്കുമെന്നും രമേശ് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള ഞങ്ങളുടെ വാദങ്ങൾക്ക് എപ്പോഴെങ്കിലും ന്യായീകരണം ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഇതാണ് -ഡിസംബർ 20ലെ വിജ്ഞാപനം പങ്കുവെച്ചുകൊണ്ട് ‘എക്‌സി’ലെ പോസ്റ്റിൽ രമേശ് പറഞ്ഞു. ഇ.സി.ഐയുടെ ഈ നീക്കം നിയമപരമായി വെല്ലുവിളിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ വിദഗ്ധരും ഇ.സി.ഐ ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച്, തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ പരാമർശിക്കാത്തതോ ഇ.സി.ഐ പ്രത്യേകം പട്ടികപ്പെടുത്തിയതോ ആയ എല്ലാ തെരഞ്ഞെടുപ്പ് രേഖകളും കോടതി ഉത്തരവില്ലാതെ ഇനി പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയില്ല. വിവരാവകാശ നിയമം ഉൾപ്പെടെ വിവിധ നിയമങ്ങൾ അനസരിച്ചുപോലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും മറ്റ് പൊതു അധികാരികൾക്കും പെതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനെ ഭേദഗതി തടയും.
അതിനിടെ, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ പരിശോധനക്കായി നയരൂപവത്കരണം ആവശ്യപ്പെടുന്ന ഹരജികൾ ജനുവരിയിൽ പരിഗണിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹരിയാന മുൻ മന്ത്രി കരൺ സിങ് ദലാൽ, ലഖൻ കുമാർ സിംഗ്ല എന്നിവർ സമർപ്പിച്ച ഹരജികൾ ജസ്റ്റിസ് ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സമാന ആവശ്യമുന്നയിച്ചുള്ള ഹരജികൾ നേരത്തെ തള്ളിയിരുന്നുവെന്നും ഇതിലും അതേ സമീപനം സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ആവശ്യപ്പെടുകയുണ്ടായി.
ഡിസംബർ 13ന് ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് ഹരജി കേൾക്കാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹരജി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ എത്തിയത്. ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ജസ്റ്റിസ് ഖന്ന, ജസ്റ്റിസ് ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഏപ്രിലിൽ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.