'പത്മ'ക്ക് പിന്നാലെ ഗുലാംനബിക്ക് കോൺഗ്രസിൽ നിന്ന് ഒളിയമ്പ്; പൂച്ചെണ്ട്
text_fieldsന്യൂഡൽഹി: മോദിസർക്കാറിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം കിട്ടിയതിനു പിറകെ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന് പാർട്ടിക്കുള്ളിൽ നിന്ന് വിമർശനത്തിന്റെ ഒളിയമ്പുകൾ; അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. രണ്ടിനും നിൽക്കാതെ പാർട്ടി ഹൈകമാൻഡ് മൗനത്തിൽ. പുരസ്കാരം തിരസ്കരിക്കുമെന്ന സൂചനയൊന്നും നൽകാതെ ഗുലാംനബി.
ജയ്റാം രമേശിനു പിന്നാലെ എം. വീരപ്പ മൊയ്ലിയും പുരസ്കാരം സ്വീകരിക്കുന്നതിനോട് വിയോജിച്ചു. വിമതരായി മുദ്രകുത്തപ്പെട്ട ജി-23 സംഘത്തിന്റെ നേതാക്കളിലൊരാളായ കപിൽ സിബൽ പിന്തുണച്ചു. പൊതുജീവിതത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ രാഷ്ട്രം തിരിച്ചറിയുന്നുവെങ്കിലും കോൺഗ്രസിന് ഗുലാംനബിയുടെ സേവനം ആവശ്യമില്ലെന്നു വരുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷൺ വേണ്ടെന്നുവെച്ചത് ജയ്റാം രമേശ് സ്വാഗതം ചെയ്തിരുന്നു. അദ്ദേഹം സ്വതന്ത്രനായി നിൽക്കാൻ ആഗ്രഹിക്കുന്നു, ഗുലാംനബി അങ്ങനെയല്ലെന്ന് ട്വിറ്ററിൽ ജയ്റാം രമേശ് പറയുകയും ചെയ്തു. ആദരിക്കപ്പെടുന്ന സഹപ്രവർത്തകനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മുതിർന്ന നേതാവ് കരൺസിങ് പറഞ്ഞു. ദേശീയ പുരസ്കാരങ്ങൾ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് വിഷയമാകരുത്.
ആസാദിന് പത്മപുരസ്കാരം നൽകിയത് അർഹത നോക്കിയല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് വീരപ്പ മൊയ്ലി പറഞ്ഞു. കോൺഗ്രസിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹം അത് സ്വീകരിക്കരുതെന്നും മൊയ്ലി അഭിപ്രായപ്പെട്ടു. പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സോണിയഗാന്ധിക്ക് കത്തെഴുതിയ 23 പേരിൽ ഒരാളാണ് മൊയ്ലി.
ജി-23 സംഘത്തിൽ ഒരാളായിരുന്ന ശശി തരൂർ ഗുലാംനബിയെ അഭിനന്ദിച്ചു. എതിർപക്ഷത്തു നിൽക്കുന്ന സർക്കാറാണെങ്കിൽ കൂടി, ഒരാളുടെ പൊതുസേവനം അംഗീകരിക്കുന്നത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.