പവാർ–അമിത് ഷാ ചർച്ച നടന്നോ ? കാറ്റിലെങ്ങും അഭ്യൂഹങ്ങൾ
text_fieldsമുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും തമ്മിൽ രഹസ്യ 'ചർച്ച'. വെള്ളിയാഴ്ച രാത്രി 9.30 ന് അഹ്മദാബാദിലെ ഫാം ഹൗസിൽ പവാറും പ്രഫുൽ പട്ടേലും അമിത് ഷായെ കണ്ടെന്ന വാർത്ത ഗുജറാത്ത് പത്രം 'ദിവ്യ ഭാസ്കറാ'ണ് പ്രസിദ്ധീകരിച്ചത്. എൻ.സി.പി വക്താവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് വാർത്ത അഭ്യൂഹം മാത്രമാണെന്ന് പ്രതികരിച്ചപ്പോൾ എല്ലാ ചർച്ചകളും പരസ്യമാക്കാനാകില്ലെന്ന് അമിത് ഷാ ഡൽഹയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അംബാനി ഭീഷണി കേസിൽ പൊലീസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെ അറസ്റ്റിലാവുകയും തുടർന്ന് പൊലീസ് കമീഷണർ പദവി തെറിച്ച പരംബീർ സിങ് എൻ.സി.പി നേതാവായ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് എതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തത് ഭരണകക്ഷികളായ ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കിയ സാഹചര്യത്തിലാണ് പവാർ- ഷാ ചർച്ച.
ശിവസേന മുഖപത്രം 'സാമ്ന'യിലെ കോളത്തിൽ അനിൽ ദേശ്മുഖ് യാദൃച്ഛിക ആഭ്യന്തരമന്ത്രിയെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. ജയന്ത് പാട്ടീൽ അടക്കമുള്ളവർ ഏറ്റെടുക്കാൻ മടിച്ചതോടെയാണ് പവാർ ദേശ്മുഖിന് ആഭ്യന്തരം നൽകിയതെന്നും, സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ചുറ്റിലും ഉണ്ടാകുമ്പോൾ എങ്ങനെയാണ് ഒരു മന്ത്രിക്ക് ഭരിക്കാൻ കഴിയുകയെന്നും സഞ്ജയ് റാവുത്ത് ചോദിച്ചു.
ഇതിനിടയിൽ പവാറിനെ യു.പി.എ അധ്യക്ഷനാക്കണമെന്ന് റാവുത്ത് ആവർത്തിക്കുന്നത് സഖ്യമര്യാദയല്ലെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പടോലെ പറയുകയും ചെയ്തു. മുറിവിൽ ഉപ്പുപുരട്ടരുതെന്നാണ് ഇരുവരോടും അജിത് പവാർ ആവശ്യപ്പെട്ടത്.
അതേസമയം, ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം തകരാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം. സഖ്യ ശിൽപിയായ പവാർ ബംഗാളിൽ ബി.ജെ.പിക്ക് എതിരെ മമതയെ പിന്തുണക്കുന്നതും ദേശീയതലത്തിൽ പ്രതിപക്ഷത്ത് ശക്ത സാന്നിധ്യമായി മാറിയതും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.