സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കുപ്രചരണം നടത്തുന്നു -ഉദ്ദവ് താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി (എം.വി.എ) സർക്കാറിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. വഡാലയിൽ നടന്ന ജി.എസ്.ടി ഭവന്‍റെ ഭൂമി പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാറിനകത്ത് ഭിന്നതയുണ്ടെന്ന പ്രചരണങ്ങളെല്ലാം തെറ്റാണെന്ന് ഉദ്ദവ് പറഞ്ഞു. ഈ സർക്കാരിന്‍റെ പേര് മഹാവികാസ് അഘാടി എന്നാണ്. വികസനം പേരിൽ മാത്രമല്ലെന്നും സംസ്ഥാനത്ത് തങ്ങളുടെ സർക്കാർ വികസനം നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാറിനകത്ത് വിദ്വേഷം നിറക്കാൻ ചിലർ ശ്രമിക്കുകയാണ്. മഹാരാഷ്ട്രയുടെ സംഭാവനയില്ലെങ്കിൽ അത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എം.വി.എ സർക്കാറിനകത്ത് ഭിന്നത രൂക്ഷമാണെന്ന തരത്തിൽ പ്രചരണങ്ങൾ വർധിച്ചതോടെയാണ് താക്കറെയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ ആഭ്യന്തരമന്ത്രി വാൽസെ പട്ടീലും താക്കറെയും തമ്മിൽ അഭിപ്രായഭിന്നത ഉള്ളതായി പ്രചരിച്ചിരുന്നു. എന്നാൽ തന്‍റെ ക്യാബിനറ്റ് സഹപ്രവർത്തകരിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് പ്രചരണങ്ങൾക്ക് മറുപടിയായി താക്കറെ വ്യക്തമാക്കി. അവരെല്ലാവരും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രചരിച്ചു കൊണ്ടിരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വാൽസെയിൽ നിന്ന് ആഭ്യന്തരവകുപ്പ് തിരിച്ചെടുക്കാൻ ശിവസേനക്ക് പദ്ധതിയില്ലെന്നും താക്കറെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.