റിമോട്ട് കൺട്രോൾ ഭരണത്തിന് മൂന്നാമത്തെ തലമാറ്റം: ഗുജറാത്തിൽ രൂപാണി മാറിയത് സങ്കീർണ സാഹചര്യങ്ങൾക്കിടയിൽ
text_fieldsന്യൂഡൽഹി: ഏഴു വർഷമായി ഗുജറാത്തിൽ നടക്കുന്ന റിമോട്ട് കൺട്രോൾ ഭരണം മൂന്നാമത്തെ തലമാറ്റത്തിലേക്ക്. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷത്തിലേറെ ബാക്കി നിൽക്കേ, വിജയ് രൂപാണിയെ മാറ്റി പ്രതിഷ്ഠിക്കാൻ മോദി-അമിത്ഷാമാർ തീരുമാനിച്ചത് സങ്കീർണ സാഹചര്യങ്ങൾക്കിടയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും തട്ടകമായ ഗുജറാത്തിലാണ് ബി.ജെപി വീണ്ടും മുഖ്യമന്ത്രിയെ മാറ്റുന്നത്. 27 വർഷമായി ഭരിക്കുന്ന സംസ്ഥാനത്തെ ഭരണപരാജയത്തിെൻറയും ബി.ജെ.പിയിലെ ഉൾപോരുകളുടെയും കഥ കൂടിയാണ് ഇതിൽ തെളിയുന്നത്. 2001ൽ മുഖ്യമന്ത്രിയായതു മുതൽ നരേന്ദ്രമോദി അമ്മാനമാടുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
2014ൽ പ്രധാനമന്ത്രിയായ ശേഷവും ഗുജറാത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മോദി-അമിത്ഷാമാർ തന്നെ. ഇവരുടെ റബർ സ്റ്റാമ്പ് എന്നതിനപ്പുറത്തെ അധികാരവും പിൻബലവുമൊന്നും ആദ്യം മുഖ്യമന്ത്രിയായ ആനന്ദി ബെൻ പട്ടേലിനോ, വിജയ് രൂപാണിക്കോ ഉണ്ടായിരുന്നില്ല. പല വിധത്തിലുള്ള വീഴ്ചകളാണ് ഈ രാജിയിലൂടെ മോദി-അമിത്ഷാമാർ തുറന്നു സമ്മതിക്കുന്നത്. ഒന്ന്, ആനന്ദിബെൻ പട്ടേലിനെപ്പോലെ തന്നെ വിജയ് രൂപാണിയേയും മുഖ്യമന്ത്രിയാക്കിയത് ശരിയായ തീരുമാനമായിരുന്നില്ല. രണ്ട്, നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് ഭരണപരാജയത്തിൽ നിന്ന് രക്ഷപ്പെടാനാണ്. മൂന്ന്, റിമോട്ട് കൺട്രോൾ ഭരണത്തിനിടയിലും ഗുജറാത്തിലെ പാർട്ടിക്കുള്ളിൽ ആഭ്യന്തര സംഘർഷങ്ങൾ വർധിക്കുന്നു. നാല്, അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ജയം മുൻകാലങ്ങളിലെപ്പോലെ അനായാസമല്ല. തെരഞ്ഞെടുപ്പിലേക്ക് ഇനിയും ബാക്കിയുള്ള ഒരു വർഷം കൊണ്ട് പ്രതിഛായ മെച്ചപ്പെടുത്താനും ജാതി സമവാക്യങ്ങളിലെ പിഴവുകൾ തിരുത്താനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. അത്തരത്തിൽ അനിവാര്യമായ തലമാറ്റമാണ് ഗുജറാത്തിൽ പൂർത്തിയാക്കുന്നത്.
സി.ആർ. പാട്ടീലിനെ സംസ്ഥാന ബി.ജെ.പി അധ്യക്ഷനാക്കിയതു മുതൽ അദ്ദേഹവും രൂപാണിയുമായുള്ള ശീതസമരം നടക്കുന്നുണ്ട്. ഇതൊഴിവാക്കാൻ ആനന്ദി ബെൻ പട്ടേലിെൻറ കാര്യത്തിലെന്ന പോലെ, ഗവർണർപദം നൽകി സംസ്ഥാനത്തിന് പുറത്തേക്ക് രൂപാണിയേയും അയക്കാനാണ് വഴി. രൂപാണിയെ ഈ ഘട്ടത്തിൽ മാറ്റിയില്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പ് അദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് നടക്കുക. ജയിച്ചാൽ സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രിയും രൂപാണി തന്നെയാകും. അത്രയും ശക്തമായ അടിത്തറ രൂപാണിക്ക് ഒരുക്കിക്കൊടുക്കാൻ മോദി-അമിത്ഷാമാർ തയാറല്ല. ഗുജറാത്തിലെ ജനസംഖ്യയിൽ രണ്ടു ശതമാനം മാത്രം വരുന്ന ജെയിൻ സമുദായ പ്രതിനിധിയായ രൂപാണിക്ക് ഇതിൽ കൂടുതൽ സാവകാശം നൽകി കാത്തുനിൽക്കാൻ പ്രബല സമുദായങ്ങളായ പട്ടേൽ, പാട്ടീദാർ വിഭാഗങ്ങൾ തയാറുമായിരുന്നില്ല. അതിലൊരു വിഭാഗക്കാരനാകും അടുത്ത മുഖ്യമന്ത്രി.
ബി.ജെ.പി അടിക്കടി മാറ്റിയത് നാലു മുഖ്യമന്ത്രിമാരെ
ന്യൂഡൽഹി: സാമുദായിക സന്തുലനത്തിനും ഭരണ പരാജയത്തിനും ഉൾപാർട്ടി വഴക്കുകൾക്കുമിടയിൽ സമീപകാലത്ത് ബി.ജെ.പിക്ക് മാറ്റേണ്ടി വന്നത് നാലു മുഖ്യമന്ത്രിമാരെ. ഏറ്റവുമൊടുവിലായി ഗുജറാത്തിൽ വിജയ് രൂപാണി പടിയിറങ്ങുന്നു. പിടിച്ചു നിൽക്കാൻ ഏറെ പണിപ്പെട്ടെങ്കിലും കർണാടകത്തിൽ ബി.എസ്. യെദിയൂരപ്പക്ക് കസേര പോവുക തന്നെ ചെയ്തു. ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര റാവത്തിനെ മാറ്റി പ്രതിഷ്ഠിച്ച തീരത്സിങ് റാവത്തിന് 116 ദിവസം കൊണ്ട് രാജിവെക്കേണ്ടി വന്നു.
പുഷ്കർസിങ് ധാമി ജൂലൈ ആദ്യം മുഖ്യമന്ത്രിയായി. എന്നാൽ ഭരണപരാജയമോ പാർട്ടിയിലെ വഴക്കുകളോ സാമുദായിക സന്തുലന പ്രശ്നങ്ങളോ ബാധകമാകാതെ യു.പിയിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്കസേരയിൽ തുടരുന്നു. അദ്ദേഹത്തെ മാറ്റാനുള്ള സമ്മർദങ്ങൾ ആർ.എസ്.എസ് താൽപര്യങ്ങൾ മൂലം ഫലം കണ്ടില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ പ്രതിഷ്ഠിച്ച ആനന്ദി ബെൻ പട്ടേലിനെ രണ്ടു വർഷം കഴിഞ്ഞപ്പോൾ മാറ്റിയാണ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.