‘റുപീ എമര്‍ജന്‍സി’; ജനത്തിന് ഇരുട്ടടി
text_fieldsതൃശൂര്‍: അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഫലത്തില്‍ ‘റുപീ എമര്‍ജന്‍സി’. അടുത്ത ചില ദിവസങ്ങളില്‍ പണമിടപാട് നടത്തുന്നവര്‍ പെരുവഴിയില്‍ കൊള്ളയടിക്കപ്പെട്ട അവസ്ഥയിലാവും. കള്ളപ്പണം തടയാനെന്ന പേരില്‍ കൈക്കൊണ്ട ഈ നടപടികൊണ്ട് കള്ളപ്പണക്കാര്‍ക്ക് ഒന്നും സംഭവിക്കാനില്ളെന്ന് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞമാസം 26, 27 തീയതികളില്‍ രാജ്യത്തെ കള്ളപ്പണ വ്യാപനത്തെക്കുറിച്ചും പൊതുജനങ്ങളും ബാങ്കുകളും ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉയര്‍ന്ന ഡിനോമിനേഷന്‍ നോട്ടുകളുടെ വ്യാജന്‍ വ്യാപകമാണെന്നും ഇടപാട് നടത്തുന്നവര്‍ ശ്രദ്ധിച്ചില്ളെങ്കില്‍ കേസില്‍ കുടുങ്ങുമെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ആര്‍.ബി.ഐ, ബാങ്കുകള്‍ കള്ളനോട്ട് തടയാനുള്ള സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ പൊടുന്നനെയുള്ള നടപടിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
കള്ളപ്പണം കൈവശമുള്ളവര്‍ അത് 500, 1000 എന്നിവയുടെ നോട്ടുകളായി സൂക്ഷിച്ചിരിക്കുകയാണെന്ന തെറ്റായ പ്രതീതിയാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നതെന്നും അത് വിഡ്ഢിത്തമാണെന്നും ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു. ഇതിനുമുമ്പ് 1977ലാണ് നോട്ട് പിന്‍വലിക്കുന്ന നടപടി ഉണ്ടായത്. എന്നാല്‍, അതിനെക്കാള്‍ വ്യാപക പ്രത്യാഘാതം ഉളവാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.
കള്ളനോട്ട് കൈവശമുള്ളവരെ പൊടുന്നനെ വെട്ടിലാക്കാനെന്ന മട്ടില്‍ കൈക്കൊണ്ട നടപടി യഥാര്‍ഥത്തില്‍ പ്രതിസന്ധിയിലാക്കുന്നത് സാധാരണക്കാരെയാണ്. വെറും എ.ടി.എം കാര്‍ഡ് മാത്രം കൈവശംവെച്ച് സ്വന്തം സ്ഥലത്തുനിന്ന് ദൂരെ പോയവര്‍ ഇന്നും നാളെയും വെട്ടിലാവും. മാത്രമല്ല, അടുത്ത ദിവസങ്ങളില്‍ എ.ടി.എമ്മിലൂടെ പിന്‍വലിക്കാവുന്ന പണത്തിനും പരിധിയുണ്ട്. കറുച്ചു ദിവസത്തേക്ക് 2000 രൂപയും അതുകഴിഞ്ഞ് 4000 രൂപയും ആഴ്ചയില്‍ പരമാവധി 20,000 രൂപയും പിന്‍വലിക്കാമെന്നാണ് പുതിയ തീരുമാനമെങ്കിലും അത് നടപ്പാവാന്‍പോലും എത്ര ദിവസം എടുക്കുമെന്ന് വ്യക്തമല്ല.
500, 1000 രൂപയുടെ നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കുന്നതിനു പകരം കറന്‍സി കമ്പോളത്തില്‍നിന്ന് പിന്‍വലിക്കാന്‍ വേണ്ടത്ര ദിവസം കൊടുക്കുകയും അത് തിരിച്ചറിയല്‍ കാര്‍ഡ് പോലുള്ള രേഖകള്‍ ഹാജരാക്കി മാത്രം ബാങ്കുകളില്‍ തിരിച്ചേല്‍പിക്കാന്‍ അവസരം നല്‍കുകയും ചെയ്യാമായിരുന്നുവെന്ന് ബാങ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
കൈവശമുള്ള കള്ളപ്പണത്തിന്‍െറ 45 ശതമാനം സര്‍ക്കാറിലേക്ക് അടച്ചാല്‍ ബാക്കി മുഴുവന്‍ നിയമാനുസൃതമാക്കാമെന്ന് കേന്ദ്രം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒട്ടും പ്രതികരണമുണ്ടായില്ല. കള്ളപ്പണക്കാര്‍ ഇത്തരം നടപടികള്‍ കണ്ട് വിരളുന്നവരല്ളെന്ന് അതിലൂടെ വ്യക്തമായി. ഇപ്പോഴത്തെ നടപടിയോടും അത്തരക്കാരുടെ സമീപനം അതായിരിക്കുമെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു.
2000 രൂപയുടെ നോട്ട് തയാര്‍
തൃശൂര്‍: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ വിതരണത്തിന് എത്തി. കേരളത്തില്‍ ഉള്‍പ്പെടെ വിവിധ ബാങ്കുകളുടെ കാഷ് ചെസ്റ്റുകളില്‍ 2000 രൂപയുടെ നോട്ട് എത്തിയിട്ടുണ്ട്. ഇത് ശാഖകളിലേക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ വിതരണം ആരംഭിക്കാമെന്നും അതിനുള്ള ദിവസം പ്രഖ്യാപിക്കുമെന്നുമാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.