ഇന്ത്യക്കാരെ വഞ്ചിച്ച് സൈന്യത്തിൽ എത്തിച്ചിട്ടില്ലെന്ന് റഷ്യൻ എംബസി; ‘തിരിച്ചയക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകും’
text_fieldsന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ സൈനിക സേവനത്തിനായി റിക്രൂട്ട് ചെയ്യുന്നതിന് റഷ്യൻ സർക്കാർ വഞ്ചനാപരമായ പരസ്യങ്ങളോ തട്ടിപ്പോ നടത്തിയിട്ടില്ലെന്ന് റഷ്യൻ എംബസി. ഇന്ത്യക്കാർ തെറ്റിദ്ധരിപ്പിക്കപ്പെട്ട് റഷ്യൻ സൈന്യത്തിൽ എത്തിപ്പെടുകയായിരുന്നുവെന്ന് കരുതാൻ നിരവധി കാരണങ്ങളുണ്ടെന്ന് വിദേശകാര്യമന്ത്രി വെള്ളിയാഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എംബസിയുടെ പ്രതികരണം.
യുദ്ധത്തിൽ ഇന്ത്യൻ പൗരന്മാർ മരിച്ചതിൽ എംബസി അനുശോചനം രേഖപ്പെടുത്തി. റഷ്യയിൽ സൈനിക സേവനത്തിനായി ചേർന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. തിരിച്ചയക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകും. ഏപ്രില്‍ മുതല്‍ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ളവരെ സൈന്യത്തില്‍ ചേർക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്നും എംബസി പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായ 66 ഇന്ത്യക്കാരുടെ തിരിച്ചുവരവിനായി എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മറുപടി നൽകിയിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ച് യുവാക്കളടക്കം റഷ്യൻ സൈന്യത്തിൽ എത്തിപ്പെട്ട 14 പേരെ തിരികെ എത്തിച്ചിട്ടുണ്ട്. 66 ഇന്ത്യക്കാർ ഇപ്പോഴും റഷ്യയിൽ കുടുങ്ങിക്കിടക്കുകയാണ്.
ഇന്ത്യക്കാരിൽ എട്ടുപേർ ഇതിനകം മരിച്ചു. പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിനിടെ പ്രസിഡന്റ് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബാക്കിയുള്ളവരെകൂടി മോചിപ്പിക്കുമെന്ന് ഉറപ്പുനൽകിയതായി പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ ഇവർ മോചിതരായിട്ടില്ല.
റിക്രൂട്ട് ചെയ്യപ്പെട്ട യുവാക്കൾക്ക് റഷ്യൻ സൈന്യവുമായി കരാർ ഉള്ളതാണ് മോചനം വൈകുന്നതിന് കാരണമായി പറയുന്നത്. ഇവരെ തിരികെ എത്തിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
മനുഷ്യക്കടത്തിനെക്കുറിച്ച് സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ 19 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 മനുഷ്യക്കടത്തുകാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ നാലുപേർ അറസ്റ്റിലായെന്നും എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.