റഷ്യ-യുക്രെയ്ൻ യുദ്ധം: സമാധാന ഉച്ചകോടിക്ക് നൂറോളം രാജ്യങ്ങളും സംഘടനകളും
text_fieldsലണ്ടൻ: യുക്രെയ്നിൽ റഷ്യൻ അധിനിവേശം കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ സമാധാന ഉച്ചകോടി നീക്കവുമായി ലോകം. നൂറോളം രാജ്യങ്ങളും സംഘടനകളും ഇതിനകം പങ്കാളിത്തം അറിയിച്ച ഉച്ചകോടി സ്വിസ് തലസ്ഥാനമായ ബേണിൽ അടുത്ത ശനി, ഞായർ ദിവസങ്ങളിലാകും നടക്കുക. 28 മാസമെത്തിയ അധിനിവേശം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടിയെന്ന് സ്വിസ് പ്രസിഡന്റ് വിയോല ആംഹേർഡ് പറഞ്ഞു.
ആക്രമണം കൂടുതൽ കനപ്പിച്ച റഷ്യ കഴിഞ്ഞ ദിവസം ഡോണെറ്റ്സ്ക് മേഖലയിൽ സ്മാറോമയോർസ്കെ പട്ടണം പിടിച്ചെടുത്തു. ഡോണെറ്റ്സ്ക് തലസ്ഥാന നഗരത്തിന്റെ തെക്കു പടിഞ്ഞാറുള്ള പ്രദേശമാണിത്. യുക്രെയ്ൻ നടത്തിയ പ്രത്യാക്രമണത്തിൽ റഷ്യയുടെ അത്യാധുനിക സു-57 യുദ്ധവിമാനം തകർത്തതായും റിപ്പോർട്ടുണ്ട്. റഷ്യൻ അതിർത്തിയിൽനിന്ന് 600 കിലോമീറ്റർ അകലെ മാസി അസ്ട്രക്കാൻ പ്രവിശ്യയിലാണ് വിമാനം തകർച്ചത്.
അതിനിടെ, യുക്രെയ്ന് ബെൽജിയം, ഡെന്മാർക്ക്, നെതർലൻഡ്സ്, നോർവേ രാജ്യങ്ങൾ ചേർന്ന് നൽകാൻ തീരുമാനിച്ച എഫ്-16 യുദ്ധവിമാനങ്ങളിൽ ചിലത് അതത് രാജ്യങ്ങളിൽതന്നെ സൂക്ഷിക്കാൻ യുക്രെയ്ൻ ഭരണകൂടം തീരുമാനിച്ചു. റഷ്യൻ ആക്രമണം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ അവയുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. 60ലേറെ എഫ്-16 വിമാനങ്ങളാണ് യുക്രെയ്ന് ലഭിക്കുക. എന്നാൽ, യുക്രെയ്ന് ആയുധങ്ങൾ നൽകിയാൽ അവ സൂക്ഷിച്ച വിദേശ താവളങ്ങളും ആക്രമിക്കാൻ മടിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.