സമ്മർദത്തിനു നടുവിൽ ഇന്ത്യ: റഷ്യൻ മന്ത്രി ഇന്ത്യയിൽ; മുന്നറിയിപ്പുമായി യു.എസ്, ആസ്ട്രേലിയ
text_fieldsന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിനു പിറകെ അമേരിക്കയുടെയും റഷ്യയുടെയും കടുത്ത സമ്മർദങ്ങൾക്കു നടുവിൽ ഇന്ത്യ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ത്യയുടെ സഹകരണം തേടി ഡൽഹിയിലെത്തി. അതേസമയം, ഉപരോധം അപ്രസക്തമാക്കുന്ന വിധത്തിൽ ഇന്ത്യ മുന്നോട്ടു നീങ്ങുന്നതിൽ അമേരിക്കയും ആസ്ട്രേലിയയും അതൃപ്തി പ്രകടിപ്പിച്ചു.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ പടക്കോപ്പ് വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. എണ്ണ ഇറക്കുമതിയുമുണ്ട്. ഇത് തുടരുന്നതിനും പണമിടപാടിനു മുടക്കം വരാതിരിക്കുന്നതിനും ഇന്ത്യക്കു മേൽ സമ്മർദം ചെലുത്താനാണ് പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രത്യേക നിർദേശ പ്രകാരം സെർജി ലാവ്റോവ് ഇന്ത്യയിലെത്തിയത്.
അമേരിക്കയും യൂറോപ്യൻ യൂനിയനും റഷ്യൻ സ്വിഫ്റ്റ് ബാങ്ക് ഇടപാടുകൾ തടഞ്ഞതിനു ബദലായി രൂപ-റൂബിൾ കേന്ദ്രീകൃതമായ പണമിടപാട് നടത്തുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നതായി സൂചനകളുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ അടുത്തയാഴ്ച റഷ്യൻ ബാങ്ക് അധികൃതർ ഇന്ത്യയിലെത്തിയേക്കും. അന്തിമ തീരുമാനമായിട്ടില്ല. അതേസമയം, അമേരിക്കയും ആസ്ട്രേലിയയും ഇന്ത്യക്ക് മുന്നറിയിപ്പിന്റെ സന്ദേശമാണ് നൽകിയത്. ''ശരിയുടെ പക്ഷത്ത് നിൽക്കേണ്ട ചരിത്രഘട്ടമാണിത്. പുടിന്റെ യുദ്ധത്തിന് പണം കൊടുത്ത് പ്രോത്സാഹിപ്പിക്കാതെ യുക്രെയ്ൻ ജനതയുടെ സ്വാതന്ത്ര്യം, പരമാധികാരം, ജനാധിപത്യം എന്നിവക്കായി നിലകൊള്ളുന്ന അമേരിക്കക്കും മറ്റ് രാജ്യങ്ങൾക്കുമൊപ്പം നില കൊള്ളേണ്ട സമയമാണിത്'' - യു.എസ് വാണിജ്യ സെക്രട്ടറി ഗിന റെയ് മോണ്ടോ വാഷിങ്ടണിൽ പറഞ്ഞു. ആസ്ട്രേലിയയുടെ വ്യാപാര മന്ത്രി ദാൻ ടെഹനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.
രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നിയമാനുസൃത സമീപനം പരിപാലിക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനക്കെതിരായ 'ക്വാഡ്' കൂട്ടായ്മയിലെ മറ്റ് അംഗങ്ങൾക്ക് ഇന്ത്യയോടുള്ള നീരസം വർധിക്കുന്നതിന്റെ പ്രതിഫലനമാണിത്. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. യുക്രെയ്നിൽ വെടിനിർത്തി നയതന്ത്ര പരിഹാരമുണ്ടാക്കണമെന്ന കാഴ്ചപ്പാടിനെ ഇന്ത്യ പിന്തുണക്കുന്നു. എന്നാൽ റഷ്യൻ അധിനിവേശത്തെ അപലപിക്കുന്ന കരട് പ്രമേയത്തിന്മേൽ യു.എന്നിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഇന്ത്യ. റഷ്യ പ്രമേയം വീറ്റോ ചെയ്തു. യുക്രെയ്ൻ വിഷയത്തിൽ 'മധ്യപാത'യിലൂടെ മുന്നോട്ടു പോകുന്ന ഇന്ത്യയെ സ്വാധീനിക്കാൻ വിവിധ രാജ്യങ്ങൾ ചരടുവലിക്കുന്നുണ്ട്.
2019ലെ ലഡാക് സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അപ്രഖ്യാപിത ഡൽഹി സന്ദർശനം നടത്തി. ഇപ്പോൾ ലാവ്റോവ്. ലാവ്റോവിന്റെ യാത്രക്കിടയിൽ അമേരിക്കൻ ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് ദലീപ് സിങ്, യു.കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് എന്നിവരും ഇന്ത്യയിലെത്തി. റഷ്യയെ പ്രതിരോധ കാര്യങ്ങളിൽ ആശ്രയിക്കുന്നത് എല്ലാ രാജ്യങ്ങളും കുറക്കണമെന്നാണ് ആവശ്യം.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ നേരത്തെ ഡൽഹിയിൽ എത്തിയിരുന്നു. ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വിഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ബുധനാഴ്ച യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറെ വിളിച്ചു. അടുത്ത കാലത്ത് അമേരിക്കൻ അച്ചുതണ്ടിലേക്ക് മോദി ഭരണകൂടം കൂടുതൽ ചാഞ്ഞിട്ടുണ്ടെങ്കിലും, ശീതയുദ്ധ കാലം തൊട്ടേയുള്ളതാണ് ഇന്ത്യ-റഷ്യ ബന്ധങ്ങൾ. ചൈനയെ നേരിടുന്നതിനടക്കം, റഷ്യയുടെ ആയുധങ്ങൾ ആവശ്യമുണ്ടെന്നും ബദൽ വഴികൾ വലിയ പണച്ചെലവുണ്ടാക്കുമെന്ന വിശദീകരണങ്ങളും ചർച്ചകളിൽ മുന്നോട്ടു വെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.