ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യൻ കുതിപ്പ്; ഒപെക് താഴോട്ട്
text_fieldsന്യൂഡൽഹി: പെട്രോളിയം ഇറക്കുമതി രാജ്യങ്ങളുടെ സംഘടനയിൽനിന്ന് (ഒപെക്) ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി. അതേസമയം, റഷ്യയിൽനിന്നുള്ള ഇറക്കുമതി കുത്തനെ കൂടി. ഒപെക് രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 2022 ഏപ്രിലിൽ 72 ശതമാനമായിരുന്നത് ഈ വർഷം ഏപ്രിലിൽ 46 ശതമാനമായി കുറഞ്ഞതായി ഊർജ ചരക്കു ട്രാക്കർ വോർട്ടേക്സയുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും ഒപെക് രാജ്യങ്ങളിൽനിന്നായിരുന്നു.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മിക്കവയും മുഖംതിരിച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ എണ്ണ നൽകാൻ റഷ്യ തയാറാവുകയായിരുന്നു. അധിനിവേശത്തിനുമുമ്പ് ഒരു ശതമാനത്തിൽ താഴെയായിരുന്ന റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇപ്പോൾ 36 ശതമാനമാണ്.
നേരത്തേ ഉയർന്ന ചരക്കുനിരക്കായിരുന്നു റഷ്യയിൽനിന്ന് ഇന്ത്യ കാര്യമായി എണ്ണ വാങ്ങാതിരിക്കാൻ കാരണം. യൂറോപ്യൻ രാജ്യങ്ങൾക്കുള്ള വിൽപന കുറഞ്ഞപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യ ചരക്കുനിരക്ക് കുറച്ച് എണ്ണ നൽകാൻ തുടങ്ങുകയായിരുന്നു. ഈ വർഷം ഏപ്രിലിൽ ദിവസം ശരാശരി 21 ലക്ഷം ബാരലാണ് ഇന്ത്യ ഒപെക് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തത്. റഷ്യയിൽനിന്ന് 16 ലക്ഷം ബാരലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.