യു.എസ് സഹകരണത്തിൽ വാക്സിൻ നിർമാണം ഊർജിതമാക്കും –ജയ്ശങ്കർ
text_fieldsവാഷിങ്ടൺ: അമേരിക്കൻ സഹായത്തോടെ ഇന്ത്യയിൽ വാക്സിൻ നിർമാണം വർധിപ്പിക്കാൻ ശ്രമം നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. യു.എസിൽ ബൈഡൻ ഭരണകൂടം അധികാരമേറ്റശേഷം സന്ദർശനത്തിനെത്തുന്ന ആദ്യ ഇന്ത്യൻ കാബിനറ്റ് മന്ത്രിയായ ജയ്ശങ്കർ, ബൈഡൻ സർക്കാറിലെ ഉന്നതരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ മുതൽ അഫ്ഗാനിസ്ഥാൻ സാഹചര്യങ്ങൾ വരെ ചർച്ച ചെയ്ത കൂടിക്കാഴ്ചകളിൽ കോവിഡ് മഹാമാരി മറികടക്കുന്നതിലുള്ള സഹകരണം മുഖ്യ വിഷയമായെന്നും അദ്ദേഹം പറഞ്ഞു.
യു.എസിലെ പുതിയ ഭരണകൂടവുമായുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന സുപ്രധാന ലക്ഷ്യമുള്ള സന്ദർശനത്തിൽ പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ചയായി. അമേരിക്കയിൽ നിന്ന് വാക്സിനുകൾ ലഭ്യമാക്കുന്ന കാര്യത്തിൽ ചർച്ചകൾ നടന്നു വരികയാണ്. വിതരണശൃംഖല കാര്യക്ഷമമാക്കാനും ചർച്ചകൾ നടക്കുന്നുണ്ട്്. യു.എസിൽ നിന്ന് വാക്സിൻ തന്നെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സംഭാഷണങ്ങളും നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഹായമെത്തിച്ച അമേരിക്കക്ക് ജയ്ശങ്കർ നന്ദി പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിൽ യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക് സള്ളിവൻ തുടങ്ങിയവരുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.
വിവിധ വിഷയങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഫലപ്രദമായ ചർച്ച നടത്തിയെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.