സ്ട്രാറ്റജിക് പോളിസി ഗ്രൂപ് ഡോവൽ സൂപ്പർ അധികാരി
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, നരേന്ദ്ര മോദി സർക്കാർ സ്ട്രാറ്റജിക് പോളിസി ഗ്രൂപ് പുനഃസംഘടിപ്പിച്ചു. ഇതിെൻറ മേധാവിയായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ നിയമിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി ഡോവൽ മാറി.
ദീർഘകാല സുരക്ഷ പദ്ധതി തയാറാക്കുന്നതിന് ദേശീയ സുരക്ഷ കൗൺസിലിനെ സഹായിക്കലാണ് പോളിസി ഗ്രൂപ്പിെൻറ ഉദ്ദേശ്യം.
വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം, ദേശീയ സുരക്ഷ നയങ്ങൾ രൂപവത്കരിക്കാൻ ആവശ്യമായ വിവരങ്ങളുടെ ഏകീകരണം എന്നിവ എസ്.പി.ജിയുടെ ചുമതലകളിൽ ഉൾപ്പെടുന്നു.
നേരേത്ത കാബിനറ്റ് സെക്രട്ടറിക്കായിരുന്നു പോളിസി ഗ്രൂപ്പിെൻറ ചുമതല. ഇനിമുതൽ കാബിനറ്റ് സെക്രട്ടറി അജിത്ത് ഡോവലിന് റിപ്പോർട്ട് ചെയ്യണം. നിതി ആയോഗ് വൈസ് ചെയർമാൻ, കാബിനറ്റ് സെക്രട്ടറി, മൂന്നു സൈനിക മേധാവികൾ, റിസർവ് ബാങ്ക് ഗവർണർ, വിദേശകാര്യ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സാമ്പത്തിക സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരാണ് പോളിസി ഗ്രൂപ്പിലെ അംഗങ്ങൾ.
ഡിഫൻസ് പ്രൊഡക്ഷൻ ആൻഡ് സെപ്ലെസ് സെക്രട്ടറി, പ്രതിരോധ മന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രേട്ടറിയറ്റ് സെക്രട്ടറി എന്നിവരും സമിതിയിലുണ്ടാവും. മറ്റു പ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സമിതിയിലുണ്ടാവും.അജിത്ത് ഡോവലാണ് പോളിസി ഗ്രൂപ് യോഗങ്ങൾ വിളിച്ചുചേർക്കുക. വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് തീരുമാനങ്ങൾ നടപ്പാക്കേണ്ട ചുമതല കാബിനറ്റ് സെക്രട്ടറിക്കായിരിക്കും. അതേസമയം, തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയുണ്ടായ പുനഃസംഘടന സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഭരണസംവിധാനത്തെ കൂടുതൽ കേന്ദ്രീകരിക്കുന്ന പ്രവണതയാണിതെന്നും ഇത്തരം നടപടി ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ലെന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ആരാണ് അജിത്ത് ഡോവൽ
1968 കേരള കേഡർ െഎ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവൽ ദീർഘനാൾ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തെ നയിച്ചയാളാണ്. ആറുവർഷം പാകിസ്താനിലെ ഇന്ത്യൻ കമീഷനിൽ പ്രവർത്തിച്ചു.
2005ൽ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി വിരമിച്ച ഡോവൽ, 2009ൽ സംഘ്പരിവാർ അനുകൂല നയരൂപവത്കരണ സംഘമായ വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷൻ സ്ഥാപിച്ചു. ബി.ജെ.പി രൂപംനൽകിയ ദൗത്യസംഘത്തിനുവേണ്ടി 2009ലും 2011ലും വിദേശരാജ്യങ്ങളിലുള്ള ഇന്ത്യയിലെ കള്ളപ്പണത്തെ കുറിച്ച് റിപ്പോർട്ട് തയാറാക്കി. 2014ൽ മോദി അധികാരമേറ്റതിനു പിന്നാലെ, ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.