ഔറംഗസീബിന്റെ ശവകുടീരം; സംഘ്പരിവാറിന് എതിരെ ‘സാമ്ന’
text_fieldsമുംബൈ: മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കാൻ ആവശ്യപ്പെടുന്ന ഹിന്ദുത്വ സംഘടനകൾക്ക് എതിരെ ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ മുഖപത്രം ‘സാമ്ന’. ഔറംഗസീബിന്റെ ശവകുടീരം ബാബരി മാതൃകയിൽ തകർക്കണമെന്ന് പറയുന്നതിലൂടെ ചരിത്രത്തെ വളച്ചൊടിക്കാനും മറാത്ത യോദ്ധാക്കളുടെ പാരമ്പര്യത്തെ അപമാനിക്കാനും ഹിന്ദുത്വത്തെ തീവ്രവാദമാക്കി മാറ്റാനുമാണ് ശ്രമിക്കുന്നതെന്ന് ‘സാമ്ന’ വിമർശിച്ചു. ഇവർ മഹാരാഷ്ട്ര പൈതൃകത്തിന്റെ ശത്രുക്കളാണ്.
സംസ്ഥാനത്തിന്റെ അന്തരീക്ഷത്തെ വിഷലിപ്തമാക്കാനും സ്വയം ഹിന്ദു താലിബാനായി അവതരിപ്പിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്. ഇത് ഹിന്ദുത്വത്തെ വികലമാക്കലും ശിവജി മഹാരാജിന്റെ സ്വരാജ്യ ആദർശത്തെ അനാദരിക്കലുമാണ്. ശിവജിയും മറാത്തകളും 25 വർഷത്തോളം അടിച്ചമർത്തലിനെതിരെ പോരാടി. ഒടുവിൽ, പരാജിതനായ ഔറംഗസീബിന്റെ അന്ത്യം മഹാരാഷ്ട്രയിൽതന്നെ സംഭവിച്ചു. മഹാരാഷ്ട്രയിൽ ഔറംഗസീബിന്റെ ശവകുടീരം നിൽക്കുന്നത് മുഗൾ ആധിപത്യത്തിന്റെ അടയാളമായല്ല, മറാത്തകളുടെ പ്രതിരോധശേഷിയുടെ പ്രതീകമായാണ്. 1681ൽ എട്ട് ലക്ഷം പേരടങ്ങുന്ന സൈന്യവുമായി ഔറംഗസീബ് മഹാരാഷ്ട്രയിലെത്തിയത് പ്രദേശത്ത് ‘രണ്ടാം ഡൽഹി’ സ്ഥാപിച്ച് മറാത്തകളെ തകർക്കാനാണ്. വിപുലമായ സൈനികശേഷി ഉണ്ടായിട്ടും 1707ൽ ലക്ഷ്യം കൈവരിക്കാനാകാതെയാണ് മരിച്ചത്. ശവകുടീരം അദ്ദേഹത്തിന്റെ പരാജയത്തിന്റെയും മറാത്തകളുടെ വിജയത്തിന്റെയും തെളിവാണ്-‘സാമ്ന’ എഴുതി.
യഥാർഥ ഹിന്ദുത്വ അന്ധമായ നാശമല്ല; മറിച്ച് ശിവജി വിശദീകരിച്ചതുപോലെ ബഹുമാനം, സഹിഷ്ണുത, ജ്ഞാനം എന്നിവയാണ്. സംസ്ഥാനത്തിന്റെ മഹത്തായ ഭൂതകാലത്തെ തകർക്കുന്ന പ്രകോപന പ്രവൃത്തികളിൽ ഏർപ്പെടാതെ യഥാർഥ ചരിത്രം പഠിക്കാൻ ‘സാമ്ന’ യുവാക്കളോട് ആഹ്വാനം ചെയ്തു.
‘കർസേവ ഭീഷണി’: ശവകുടീരത്തിന് സുരക്ഷ കൂട്ടി
മുംബൈ: ഔറംഗസീബിന്റെ ശവകുടീരമുള്ള ഛത്രപതി സമ്പാജിനഗറിലെ (ഔറംഗാബാദ്) ഖുൽദാബാദിൽ സുരക്ഷ ശക്തമാക്കി. ഖുൽദാബാദ് നഗരത്തിലേക്ക് പ്രവേശിക്കുന്നിടങ്ങളിലും ശവകുടീരത്തിന്റെ പരിസരങ്ങളിലും പൊലീസ് സുരക്ഷ വർധിപ്പിച്ചു. ശവകുടീരത്തിൽ സന്ദർശനത്തിന് എത്തുന്നവർ പേരുവിവരങ്ങൾ നൽകുകയും തിരിച്ചറിയൽ കാർഡ് കാണിക്കുകയും വേണം. ശവകുടീരം സർക്കാർ നീക്കം ചെയ്തില്ലെങ്കിൽ ബാബരി മസ്ജിദ് തകർത്തതുപോലെ കർസേവ നടത്തുമെന്ന് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ച വി.എച്ച്.പി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നവേദനവും നൽകി. വിവാദത്തെതുടർന്ന് സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ശവകുടീരത്തിന്റെ മേൽനോട്ടക്കാരൻ പർവേശ് കബീർ അഹമദ് പറഞ്ഞു. ഇതിനിടയിൽ, ഔറംഗസീബിനെപോലെ ക്രൂരനാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസെന്ന് പറഞ്ഞ് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ വിവാദത്തിലായി. സപ്കലിന് എതിരെ നടപടി ആവശ്യപ്പെട്ട് ഭരണപക്ഷ എം.എൽ.എമാർ നിയമസഭയിൽ ബഹളം വെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.