പുതിയ പാർലമെന്റ് മന്ദിരം: ‘ലഹരി രാജ’യുടെ മോഹകൊട്ടാരമെന്ന് ‘സാമ്ന’
text_fieldsമുംബൈ: രാഷ്ട്രപതിയും പ്രതിപക്ഷവുമില്ലാതെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനംചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചും പരിഹസിച്ചും ഉദ്ധവ് താക്കറെ പക്ഷ ശിവസേന (യു.ബി.ടി) മുഖപത്രം ‘സാമ്ന’. ചരിത്ര പ്രാധാന്യമുള്ള പാർലമെന്റ് മന്ദിരം അടച്ചുപൂട്ടി തന്റെ സ്വന്തമെന്ന പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് കെട്ടിടം പണിതിരിക്കുന്നു. ‘മഹാരാജ’ പുതിയ കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്നതുപോലെയാണ് ഉദ്ഘാടന ചടങ്ങുകൾ. ജനാധിപത്യത്തിന്റെ പേരിൽ ചെങ്കോലും പാർലമെന്റിലെത്തിച്ചു.
ഇതോടെ, ഒരുതരത്തിൽ രാജവാഴ്ചക്ക് തുടക്കമാവുകയാണ്. രാഷ്ട്രപതിയെ അവഗണിച്ച്, ശാസ്ത്രത്തിലും ഗവേഷണങ്ങളിലും വിശ്വാസമില്ലാത്ത സന്യാസിക്കൂട്ടത്തിന്റെ നടുവിൽനിന്നാണ് മോദിയുടെ പാർലമെന്റ് ഉദ്ഘാടനം. ഇതിലൂടെ ലോകത്തിന് എന്ത് കാട്ടിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വ എന്നാൽ അന്ധവിശ്വാസമല്ല. ആ കെട്ടിടത്തിൽനിന്ന് ജനാധിപത്യം സ്വയം പടിയിറങ്ങി. ‘ലഹരി രാജ’യുടെ മോഹത്തിന് ശതകോടി മുടക്കി പണിത ‘കൊട്ടാര’മെന്ന് ചരിത്രം രേഖപ്പെടുത്തും –‘സാമ്ന’ എഴുതി. മോദി അധികാരത്തിൽ എത്തിയതോടെ പാർലമെന്റ് പ്രവർത്തനം നിലച്ച മട്ടാണെന്നും നെഹ്റുവിന്റെ കാലത്ത് വർഷത്തിൽ ചുരുങ്ങിയത് 140 ദിവസം പാർലമെന്റ് സജീവമായിരുന്നെങ്കിൽ മോദിയുടെ കാലത്ത് അത് 50 ആയി ചുരുങ്ങിയെന്നും ചോദ്യങ്ങളെ ഭയപ്പെടുന്നതായും പത്രം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.