സാര്‍ക് ഉച്ചകോടി നടക്കില്ല
text_fieldsന്യൂഡല്‍ഹി: ഇന്ത്യക്കു പിന്നാലെ ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ ഇസ്ലാമാബാദില്‍ നവംബര്‍ 9, 10 തീയതികളില്‍ നടത്താനിരുന്ന സാര്‍ക് ഉച്ചകോടി മുടങ്ങുന്നു. ഇപ്പോഴത്തെ അധ്യക്ഷ രാജ്യമായ നേപ്പാള്‍ നടപടികള്‍ പൂര്‍ത്തിയാക്കി തീരുമാനം വൈകാതെ പ്രഖ്യാപിക്കും. ഉച്ചകോടി മുടങ്ങുന്ന സ്ഥിതി സാര്‍ക്കിന്‍െറ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കി.
1985 മുതല്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലാ സഹകരണ കൂട്ടായ്മയായ ‘സാര്‍ക്കി’ന് എട്ട് അംഗങ്ങളുണ്ട്. ഇന്ത്യ-പാക് നയതന്ത്ര യുദ്ധത്തിന്‍െറ ഭാഗമായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ ഇടയില്ളെന്ന സൂചനകള്‍ വന്നപ്പോള്‍, പാകിസ്താനുമായി നല്ല ബന്ധത്തിലല്ലാത്ത ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നിവയും ബഹിഷ്കരണ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചതോടെ, ഇവര്‍ക്കൊപ്പം ഇന്ത്യയെ ഏറെ ആശ്രയിക്കുന്ന ഭൂട്ടാനും നിലപാട് പ്രഖ്യാപിക്കുകയായിരുന്നു. എട്ടില്‍ നാലു രാജ്യങ്ങളും പങ്കെടുക്കാന്‍ തയാറല്ളെന്നു വന്നതോടെ ഉച്ചകോടി മാറ്റിവെക്കുകയല്ലാതെ അധ്യക്ഷ രാജ്യത്തിനു മുന്നില്‍ മറ്റു പോംവഴികള്‍ ഇല്ല. സൗഹൃദാന്തരീക്ഷം കലങ്ങിയതിനാല്‍ ഇസ്ലാമാബാദില്‍നിന്ന് വേദി മറ്റൊരു രാജ്യത്തേക്കു മാറ്റി അനുരഞ്ജന വഴി തേടുന്നതിന് കാര്യമായ ശ്രമമൊന്നും നടന്നില്ല. പിന്മാറിയ നാലു രാജ്യങ്ങളും വേദി മാറ്റിക്കൊണ്ട് ഉച്ചകോടി നടത്തുകയെന്ന നിര്‍ദേശം മുന്നോട്ടു വെച്ചതുമില്ല.
അധ്യക്ഷ രാജ്യമെന്ന നിലയില്‍ നേപ്പാള്‍ പ്രത്യേകമായ നിലപാടൊന്നും എടുത്തില്ല. ഇന്ത്യയുമായി നേപ്പാളിലെ ഇപ്പോഴത്തെ ഭരണകൂടത്തിന് മെച്ചപ്പെട്ട ബന്ധവുമാണ്. ബാക്കിയുള്ള അംഗരാജ്യങ്ങളായ ശ്രീലങ്ക, മാലദ്വീപ് എന്നിവക്കു കാര്യമായ പങ്ക് വഹിക്കാനുമില്ല. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യ-പാക് നയതന്ത്ര യുദ്ധത്തിന്‍െറ ഭാഗമായാണ് ഇസ്ലാമാബാദിലെ ഉച്ചകോടി ബഹിഷ്കരിക്കാനുള്ള തീരുമാനം ഇന്ത്യ പ്രഖ്യാപിച്ചത്. മേഖലയില്‍ അതിര്‍ത്തി കടന്നു നടക്കുന്ന ഭീകരാക്രമണങ്ങളാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ഇന്ത്യ വിശദീകരിച്ചു. ഇതേ കാരണങ്ങള്‍തന്നെയാണ് ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ എന്നിവയും അധ്യക്ഷ രാജ്യമായ നേപ്പാളിനെ ഒൗദ്യോഗികമായി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.