കൊതിച്ചത് മുസ്ലിം ലീഗിന്; വിധിച്ചത് ഇടതുപക്ഷത്തിന്
text_fieldsകൊൽക്കത്ത: ബി.ജെ.പിയെ അധികാരത്തിലേറ്റി തൃണമൂലിനെ ഇല്ലാതാക്കിയാൽ അടുത്തതവണ പ്രധാന പ്രതിപക്ഷമാകുന്നതിനുള്ള പദ്ധതിയാണ് ഇടതുപക്ഷത്തിേൻറതെന്നും കോൺഗ്രസിെനയും ഐ.എസ്.എഫിനെയും മുസ്ലിം ന്യൂനപക്ഷത്തെയും അതിനുള്ള കരുവാക്കുകയാണ് ചെയ്തതെന്നും ഐ.എസ്.എഫ് സംഘാടനത്തിൽ സജീവമായിരുന്ന സാബിർ ഗഫാർ. ഫുർഫുറ ശരീഫിലെ അബ്ബാസ് സിദ്ദീഖിയെ കൊണ്ട് ഇന്ത്യൻ സെക്കുലർ ഫോറം ഉണ്ടാക്കി മുസ്ലിം ലീഗിനെ അതിൽ കക്ഷിയാക്കാൻ പരിശ്രമിച്ച യൂത്ത് ലീഗ് മുൻ ദേശീയ പ്രസിഡൻറ് സാബിർ ഗഫാറിന് ഈ തെരഞ്ഞെടുപ്പിൽ കാര്യമായെന്നും ചെയ്യാനില്ല. തെൻറ വാക്കുകൾ അവഗണിച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന അബ്ബാസ് സിദ്ദീഖിയുമായി ഈ തെരഞ്ഞെടുപ്പിൽ സഹകരിക്കാതെ വിട്ടുനിൽക്കുകയാണിപ്പോൾ അദ്ദേഹം.
ദലിത്-മുസ്ലിം ബഹുജന മുന്നണിയുണ്ടാക്കുകയും അതിൽ മുസ്ലിം ലീഗ് ഉണ്ടാവുകയും വേണമെന്നായിരുന്നു ആഗ്രഹം. ബംഗാളിൽ ദലിതുകളുടെയും ആദിവാസികളുടെയും മുസ്ലിംകളുടെയും സമാന്തരമായ രാഷ്്ട്രീയപ്രസ്ഥാനം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഐ.എസ്.എഫിനായുള്ള പരിശ്രമം തുടങ്ങിയത്. അംബേദ്കറൈറ്റ് നേതാവും ബാംസെഫ് ദേശീയ ഭാരവാഹിയുമായ വാമൻ മിശ്രയെ ഇതിനായി രണ്ടു തവണ കൊൽക്കത്തയിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തെയും ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയെയും അബ്ബാസ് സിദ്ദീഖിയുടെ ആസ്ഥാനമായ ഫുർഫറ ശരീഫിൽ കൊണ്ടുപോയി. ബംഗാളിലെ ജനസംഖ്യയിൽ 85 ശതമാനവും പാർശ്വവത്കൃത വിഭാഗങ്ങളാണ്. ഏത് ജാതിക്കാരായാലും കേവലം 15 ശതമാനം മാത്രമുള്ള ഉന്നതജാതിക്കാർ പതിറ്റാണ്ടുകളായി ബംഗാൾ രാഷ്്ട്രീയ ആധിപത്യം തുടരുന്നത് അവസാനിപ്പിക്കണം.
ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുമ്പ് മത്വാ, രാജവംശി തുടങ്ങിയ സമുദായങ്ങളിൽ ആ തരത്തിലുള്ള ചിന്തയും ഉടലെടുത്തിരുന്നു. ഇത്തരമൊരു രാഷ്ട്രീയമുന്നണിക്ക് തുടക്കമിട്ട് അതിലൂടെ അഞ്ചു മുസ്ലിം എം.എൽ.എമാരെയും അഞ്ചു ദലിത് എം.എൽ.എമാരെയും നിയമസഭയിലെത്തിക്കുന്നതിന് പ്രവർത്തനം തുടങ്ങാനും തീരുമാനിച്ചു. ഇതിനിടയിലാണ് കോൺഗ്രസുമായി ചേർന്നുണ്ടാക്കിയ സഖ്യത്തിലൂടെ തങ്ങൾ അധികാരത്തിലെത്തുമെന്ന് അബ്ബാസ് സിദ്ദീഖിയെ ഇടതുപക്ഷം തെറ്റിദ്ധരിപ്പിച്ചെതന്ന് സാബിർ ഗഫാർ പറഞ്ഞു.
ഐ.എസ്.എഫിനെ മൂന്നാം മുന്നണിയിൽ ചേർക്കുന്നതിന് അസദുദ്ദീൻ ഉവൈസിയെയും ദലിത് സംഘടനകളെയും അകറ്റിനിർത്തണമെന്ന് ഉപാധിയും വെച്ചു. അതോടെ ദലിത്-മുസ്ലിം മുന്നണി നടന്നില്ല. മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അബ്ബാസ് സിദ്ദീഖിക്ക് ദലിത്-മുസ്ലിം മുന്നണിയുമായി തന്നെ മുന്നോട്ടുപോകേണ്ടിവരുമെന്നും സാബിർ ഗഫാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.