ഹിസ്ബുൾ കമാൻഡർ സബ്സർ അഹ്മദ് ഭട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുെട പിൻഗാമി സബ്സർ അഹ്മദ് ഭട്ട്, ജമ്മു-കശ്മീരിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച താഴ്വരയിലെ വ്യത്യസ്ത ഇടങ്ങളിലായി കൊല്ലപ്പെട്ട എട്ട് തീവ്രവാദികളിൽ ഒരാളാണ് സബ്സർ അഹ്മദ് ഭട്ട്. പുൽവാമ ജില്ലയിലെ ത്രാൾ സെക്ടറിലുള്ള കെട്ടിടത്തിൽ ഒളിച്ചിരുന്നവർക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തിലാണ് മറ്റൊരു തീവ്രവാദിക്കൊപ്പം സബ്സറും കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട മറ്റ് ആറു പേർ ബാരാമുല്ല ജില്ലയിലെ രാംപൂർ സെക്ടറിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചവരാണെന്ന് സൈനിക വക്താവ് പറഞ്ഞു. സബ്സർ കൊല്ലപ്പെട്ട വാർത്ത പരന്നതോടെ സൊയ്മൊ ഗ്രാമവാസികൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. അനന്ത് നാഗ്, ഷോപിയാൻ, പുൽവാമ, ത്രാൾ, ശ്രീനഗർ എന്നിവിടങ്ങളിലും സൈന്യവും പ്രക്ഷോഭകരും ഏറ്റുമുട്ടിയതായി ഡി.ജി.പി എസ്.പി. വെയ്ദ് പറഞ്ഞു. ത്രാളിൽ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു സിവിലിയൻ കൊല്ലപ്പെട്ടു. സംഘർഷങ്ങളിൽ വിവിധ സ്ഥലങ്ങളിലായി 30ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, സുരക്ഷാസേന പ്രക്ഷോഭകരെ നേരിട്ടപ്പോഴാണ് സിവിലിയൻ കൊല്ലപ്പെട്ടതെന്ന് സമരക്കാർ പറഞ്ഞു. ത്രാളിലെ ഉപജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആറു പേർക്ക് വെടിയുണ്ടയേറ്റ് പരിക്കുണ്ട്. മറ്റ് 13 പേർക്ക് മാരകമായി പെല്ലറ്റ് തറച്ച പരിക്കാണുള്ളത്. സമീർ അഹ്മദ് എന്ന കൗമാരക്കാരനെ ടിയർ ഗ്യാസ് ഷെൽ തലയിൽ പതിച്ച് പരിക്കേറ്റ നിലയിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷോപിയാനിൽ അഞ്ചു പേർക്കാണ് പരിക്കേറ്റത്. അഞ്ചു പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. താഴ്വരയിൽ പലേടത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
അതിനിടെ, ശനിയാഴ്ച രാവിലെ പുനഃസ്ഥാപിച്ച ഇൻറർനെറ്റ് ബന്ധം ഉച്ചയോടെ സർക്കാർ വീണ്ടും റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും പ്രവർത്തിച്ചില്ല. കഴിഞ്ഞവർഷം ജൂലൈയിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭം അക്രമാസക്തമാവുകയും നൂറിലേറെപ്പേരുടെ മരണത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ആയിരത്തിലേറെ പേർക്കാണ് അന്ന് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം ത്രാൾ സെക്ടറിൽ പട്രോൾ നടത്തുന്നതിനിടെ സൈന്യത്തിനുനേരെ അപ്രതീക്ഷിത ആക്രമണമുണ്ടായി. തുടർന്ന്, നടത്തിയ തിരച്ചിലിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി സൈന്യം തീവെച്ച് നശിപ്പിച്ചു. ഇവിടെനിന്ന് രക്ഷപ്പെട്ടവർ മറ്റൊരു താവളത്തിലേക്ക് മാറിയതായും ഇവരുമായി ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് സബ്സർ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടതെന്നും ൈസനിക വക്താവ് പറഞ്ഞു.
നിയന്ത്രണരേഖയിൽ സംശയാസ്പദ നീക്കങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രാംപൂരിൽ രണ്ടാമത്തെ ഏറ്റുമുട്ടൽ നടന്നത്. ഇതിൽ ആറു ഭീകരരെ വധിച്ച് നുഴഞ്ഞുകയറ്റത്തിന് തടയിട്ടതായി സൈന്യം അറിയിച്ചു. പ്രതിഷേധക്കാർക്കുനേരെ ൈസന്യത്തിെൻറ ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ വിമതർ ബന്ദിന് ആഹ്വാനം ചെയ്തു. ഭട്ടിനും കൊല്ലപ്പെട്ട മറ്റ് ഏഴുപേർക്കും െഎക്യദാർഢ്യം പ്രഖ്യാപിച്ച് മേയ് 30ന് ത്രാളിലേക്ക് മാർച്ച് നടത്തുമെന്നും അവർ പ്രഖ്യാപിച്ചു. ഹുർറിയത് കോൺഫറൻസിെൻറ ഇരു വിഭാഗങ്ങളുടെയും നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മീർവാഇസ് ഉമർ ഫാറൂഖ്, ജെ.കെ.എൽ.എഫ് നേതാവ് യാസീൻ മാലിക് എന്നിവരാണ് ബന്ദിനും പ്രതിഷേധ മാർച്ചിനും ആഹ്വാനംചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.