സചിനോട് എന്തു വേണം? തല പുകച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് യുദ്ധംപ്രഖ്യാപിച്ച് അഴിമതിക്കെതിരെ പദയാത്ര നടത്തുന്ന സചിൻ പൈലറ്റിനോട് എന്തു വേണമെന്ന കാര്യത്തിൽ തലപുകച്ച് കോൺഗ്രസ്.
ഇങ്ങനെ മുന്നോട്ടുപോകാൻ പറ്റില്ലെന്ന ഓർമപ്പെടുത്തലാണ് ഗെഹ്ലോട്ട് ഹൈകമാൻഡ് പ്രതിനിധികൾക്ക് നൽകിയിരിക്കുന്നതെങ്കിൽ, മാസങ്ങൾക്കകം രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ സചിനെതിരെ അച്ചടക്ക നടപടിക്ക് പരിമിതിയുണ്ടെന്ന പ്രശ്നത്തിൽ തട്ടി നിൽക്കുകയാണ് നേതൃത്വം.
ഡൽഹിയിലെത്തിയ രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊതാസ്ര, സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി നേതാവ് സുഖ്ജിന്ദർ സിങ് രൺധാവ എന്നിവരുടെ സാന്നിധ്യത്തിൽ വിഷയം ഡൽഹിയിൽ ചർച്ചചെയ്തു. കർണാടക ഫലം വരുന്നതുവരെ തീരുമാനം മാറ്റിയിരിക്കുകയാണ്.
തന്റെ സമരം പാർട്ടിയിൽ ആർക്കുമെതിരെയല്ലെന്ന് പദയാത്രയിൽ സചിൻ ആവർത്തിക്കുന്നുണ്ട്. കർണാടകയിൽ കോൺഗ്രസ് ജയിക്കുമെന്ന സാഹചര്യമുണ്ടായത് കൂട്ടായ പ്രയത്നത്തിന്റെ ഫലമാണെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മുമ്പ് രാജസ്ഥാനിൽ ഇതുതന്നെ ചെയ്തിട്ടുണ്ട്. എന്നാൽ, നാലര വർഷമായിട്ടും അക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെങ്കിൽ, ജനങ്ങൾക്കു മുന്നിൽ വിശ്വാസ്യരായി നിൽക്കാൻ നമുക്ക് എങ്ങനെ കഴിയും? ആറു മാസത്തിനുശേഷം ജനങ്ങളോട് എന്തു പറയും? സചിൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.