വിയോജിപ്പ് ഉള്ളിലടക്കി സചിൻ പൈലറ്റ്; മറക്കാം, ജയിക്കാൻ
text_fieldsകിഷൻഗഞ്ചിലെ പി.ടി.എസ് മൈതാനം രാവിലെ പത്തായപ്പോൾ തന്നെ നിറഞ്ഞു. മാർബിൾ മിനുസപ്പെടുത്തുന്ന ഫാക്ടറികളിൽനിന്നുള്ള പൊടിയടിച്ചു ജീവിക്കുന്ന ആബാലവൃദ്ധം. ബി.ജെ.പി സീറ്റു നിഷധിച്ചപ്പോൾ പൊടുന്നനെ കോൺഗ്രസുകാരനായ സ്ഥാനാർഥി വികാസ് ചൗധരിയെ കാണാനല്ല അവരുടെ ആകാംക്ഷ. സചിൻ പൈലറ്റ് വരുന്നു.
മൈതാനത്തിന് ഏറെ അകലെയല്ലാത്ത ഹെലിപാഡിനെ ലക്ഷ്യമാക്കി കാണാമറയത്തുനിന്ന് ചെറുപക്ഷി കാണെക്കാണെ വലുതായി താഴ്ന്നു വന്നപ്പോൾ അവർക്ക് ആവേശമായി. പൊടിപറത്തി നിലംതൊട്ട ഹെലികോപ്ടറിൽനിന്ന് ഇറങ്ങിയ സചിനെ ഷാളും ബൊക്കെയും നൽകി സ്വീകരിച്ച് വാഹനത്തിനടുത്തേക്ക് വികാസ് ചൗധരിയും സംഘവും ആനയിച്ചു.
വി.വി.ഐ.പി പോയത് പിൻസീറ്റിലേക്കല്ല, ഡ്രൈവറുടെ സീറ്റ് കൈയടക്കി വണ്ടി സ്റ്റാർട്ട് ചെയ്ത് സചിൻ സ്റ്റിയറിങ് തിരിച്ചു. പിതാവ് രാജേഷ് പൈലറ്റിന്റെ സ്വഭാവം ഏറ്റെടുക്കുകയാണ് മകൻ. സ്വയം ജീപ്പ് ഓടിക്കുന്ന ശീലമായിരുന്നു രാജേഷ് പൈലറ്റിന്.
സ്ഥാനാർഥിയെ ഇടതു സീറ്റിൽ ഇരുത്തി റേഞ്ച് റോവർ ഓടിച്ച് മറ്റു വാഹനങ്ങളുടെ അകമ്പടിയോടെ മൈതാനത്തേക്ക് നീങ്ങിയ സചിനെ സ്വീകരിക്കാൻ വഴിയരികിൽ നിരനിരയായി കാത്തുനിന്നത് ഒരുകൂട്ടം ബുൾഡോസറുകൾ. എക്സ്കവേറ്ററിന്റെ മുകളിലേക്ക് ഉയർന്നുനിന്ന മണ്ണുമാന്തികളിൽ നിറയെ പൂക്കൾ.
ഓരോ മണ്ണുമാന്തികളിലും രണ്ടു വീതം യുവാക്കൾ എഴുന്നേറ്റു നിന്ന് വി.ഐ.പി വാഹനങ്ങളിലേക്ക് ബന്തിപ്പൂക്കൾ വാരിവിതറി. സ്വീകരണത്തിന്റെ പുത്തൻ സ്റ്റൈൽ. ഇടിച്ചു നിരത്താൻ മാത്രമല്ല, ബുൾഡോസറുകൾ പൂ വിതറാനും ഉപയോഗിക്കാം.
രാജസ്ഥാനിലെ ആചാരപ്രകാരം വിശിഷ്ടാതിഥിയുടെ തലയിൽ പഗഡി അണിയിച്ച് പൂക്കൾ വിതറി സ്വീകരണത്തിന്റെ മൂന്നാംഘട്ടം അരങ്ങേറിയപ്പോൾ മൈതാനത്ത്, രാജസ്ഥാൻ തലപ്പാവു കെട്ടിയ വൃദ്ധജനങ്ങളുടെയും സാരിത്തലപ്പു കൊണ്ട് മുഖം മറച്ച സ്ത്രീകളുടെയും നീണ്ട കൈയടി. അടുത്ത ഊഴം സ്ഥാനാർഥിയുടേതായിരുന്നു.
നേരം ഇരുട്ടി വെളുത്തപ്പോൾ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ വികാസ് ചൗധരി, ഇന്ദിരാഗാന്ധി മുതൽ സകല കോൺഗ്രസ് നേതാക്കളുടെയും മഹത്വം വിവരിക്കുകയാണ്.
ബി.ജെ.പി തന്നോട് അന്യായം ചെയ്തപ്പോൾ ‘മുഹബത് കി ദുകാൻ’ തുറന്ന് സ്വീകരിച്ച നേതാക്കളോടുള്ള കടപ്പാട് പലവുരു ആവർത്തിച്ചിട്ടും മതിയാവുന്നില്ല. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇവിടെത്തന്നെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു വികാസ് ചൗധരി. ജയിച്ചത് സ്വതന്ത്രനായി മത്സരിച്ച സുരേഷ് ടാകാണ്.
എങ്കിലും 33 ശതമാനത്തിൽപരം വോട്ടുപിടിച്ച് രണ്ടാം സ്ഥാനക്കാരനായി. ഇത്തവണ ബി.ജെ.പി സീറ്റ് നിഷേധിച്ചപ്പോൾ ചൗധരി പൊട്ടിക്കരഞ്ഞു പോയി. അന്നേരമാണ് കോൺഗ്രസ് കൈനീട്ടിയത്. ഹിന്ദു-മുസൽമാൻ, ഇന്ത്യ-പാകിസ്താൻ വൈരം വളർത്തുന്ന രാഷ്ട്രീയം മടുത്ത് ജനം മാറ്റത്തിന് ആഗ്രഹിക്കുന്ന കാലത്ത് രാജസ്ഥാനിലെ വോട്ടർമാർ കോൺഗ്രസിനെ വീണ്ടും അധികാരത്തിലേറ്റുമെന്ന വിശ്വാസമാണ് സചിൻ പൈലറ്റ് മൈതാനത്തെ സദസ്സിനോട് പങ്കുവെച്ചത്.
അശോക് പൈലറ്റുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് അറിയാവുന്ന നാട്ടുകാരോട്, മറന്നും പൊറുത്തും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ഇപ്പോൾ വേണ്ടതെന്ന സന്ദേശം പരോക്ഷമായി കൈമാറാനും അദ്ദേഹം മറന്നില്ല. എണ്ണം കൂടുന്നതിനൊത്ത് പാത്രങ്ങളുടെ തട്ടുംമുട്ടും കൂടും.
എന്നാൽ ആത്യന്തികമായി കോൺഗ്രസ് പ്രവർത്തകരാണ് നമ്മൾ. ശാന്തമായി കാത്തിരിക്കണം. ‘‘സൗ സുനാർ കി ഏക് ലൊഹാർ കി’’ -സചിൻ ഓർമിപ്പിച്ച പഴമൊഴി കൈയടികളോടെ ജനം ഏറ്റുപാടി. അതിനർഥം ഇങ്ങനെ: തിന്മക്ക് എക്കാലവും വിജയിക്കാൻ പറ്റില്ല തന്നെ.
ഹെലിപാഡിൽ അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞത്:
? തുടർഭരണം കിട്ടുമെന്ന ഉറച്ചവിശ്വാസമുണ്ടോ?
- കോൺഗ്രസ് പുതിയ സർക്കാറുണ്ടാക്കും.
? ആരാവും അടുത്ത മുഖ്യമന്ത്രി?
- അത് പിന്നീട് തീരുമാനിക്കും.
? കഴിഞ്ഞ തവണ നയിച്ചത് താങ്കളാണ്. ഇത്തവണ അങ്ങനെയല്ല...
-- കോൺഗ്രസിന്റെ ജയത്തിന് എല്ലാവരും ഒന്നിച്ചു നീങ്ങുന്നു.
1,760 കോടിയുടെ സമ്മാനം പിടികൂടി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് 1760 കോടി രൂപയുടെ വസ്തുക്കൾ ഇതുവരെ പിടികൂടിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കാനായി നൽകാൻ വെച്ച പണം, മദ്യം, മയക്കുമരുന്ന്, സമ്മാനങ്ങൾ എന്നിവയാണ് പിടിച്ചത്. 2018ൽ പിടിച്ചെടുത്തതിന്റെ (239.15 കോടി) ഏഴ് മടങ്ങ് വരുമിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒക്ടോബർ ഒമ്പത് മുതൽ പിടിച്ച വസ്തുക്കളുടെ കണക്കാണിത്. മിസോറമിൽ പണമോ വിലപിടിച്ച സമ്മാനങ്ങളോ പിടിച്ചിട്ടില്ല.
ബി.ജെ.പി പ്രകടനപത്രികയെ വിമർശിച്ച് ഉവൈസി
ഹൈദരാബാദ്: കൂടുതൽ ആവിഷ്കാരസ്വാതന്ത്ര്യവും വേഷത്തിന്റെയും മതത്തിന്റെയും പേരിൽ ആക്രമിക്കപ്പെടാതിരിക്കുകയുമാണ് രാജ്യത്ത് വേണ്ടതെന്നും ഏക സിവിൽകോഡ് അല്ലെന്നും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. വികസനകാര്യത്തിനു പകരം രാമക്ഷേത്രത്തിലേക്കും കാശിയിലേക്കും മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്രപോലുള്ള കാര്യങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം ഹൈദരാബാദിൽ പറഞ്ഞു.
ഏക സിവിൽ കോഡ്, സെപ്റ്റംബർ 17 ഹൈദരാബാദ് സ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കും തുടങ്ങിയ ബി.ജെ.പിയുടെ വാഗ്ദാനങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉവൈസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.