അഭ്യൂഹങ്ങൾക്കിടെ സചിൻ പൈലറ്റ് ഡൽഹിയിൽ; കോൺഗ്രസ് നേതൃത്വത്തെ കാണും
text_fieldsന്യൂഡൽഹി: ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ സചിൻ പൈലറ്റ് ഡൽഹിയിൽ. കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഉടലെടുത്ത അഭിപ്രായഭിന്നതയിൽ നേതൃത്വം മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രണ്ടുദിവസം മുമ്പ് ഉത്തർപ്രദേശ് കോൺഗ്രസിന്‍റെ നട്ടെല്ലായിരുന്ന ജിതിൻ പ്രസാദ ബി.ജെ.പിയിലേക്ക് ചേക്കേറിയതിന് പിന്നാലെയുള്ള സചിൻ പൈലറ്റിന്‍റെ നീക്കങ്ങൾ കോൺഗ്രസിനുള്ളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കാൻ കാരണമായിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് സചിൻ പൈലറ്റ് ഡൽഹിയിലെത്തിയത്. സചിൻ പൈലറ്റ് കോൺഗ്രസ് വിടുമെന്ന് സൂചിപ്പിച്ച് ബി.ജെ.പി നേതാവ് റീത്ത ബഹുഗുണ ജോഷി രംഗത്തെത്തിയിരുന്നു. സചിനുമായി സംസാരിച്ചെന്നും അദ്ദേഹം ഉടൻ ബി.ജെ.പിയിലെത്തുമെന്നുമായിരുന്നു റീത്തയുടെ വാദം.
എന്നാൽ, ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി സചിൻ പൈലറ്റ് രംഗത്തെത്തിയിരുന്നു. സചിനുമായി സംസാരിച്ചെന്ന് റീത്ത ബഹുഗുണ ജോഷി പറഞ്ഞു. അവർ സചിൻ ടെണ്ടുൽക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാകുക. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ലെന്നും സചിൻ പൈലറ്റ് പറഞ്ഞു.
കഴിഞ്ഞവർഷം ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതോടെയാണ് ജിതിൻ പ്രസാദയും സചിൻ പൈലറ്റും റഡാറിനുള്ളിലായത്. ജിതിൻ പ്രസാദ കൂടി പാർട്ടി വിട്ടതോടെ സചിൻ പൈലറ്റിലേക്കായി എല്ലാ കണ്ണുകളും. താൻ ഒരിക്കലും ബി.ജെ.പിയിൽ ചേരില്ലെന്നും അവരുടെ പശു രാഷ്ട്രീയത്തോട് േയാജിക്കില്ലെന്നും സചിൻ പൈലറ്റ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസിനുള്ളിൽ നിന്നുതന്നെ തന്‍റെ പങ്ക് ചോദിച്ചുവാങ്ങുമെന്നും പരിഷ്കാരങ്ങൾക്കായി പ്രവർത്തിക്കുമെന്നുമായിരുന്നു സചിന്‍റെ പ്രതികരണം.
കഴിഞ്ഞവർഷം അശോക് ഗെഹ്ലോട്ടുമായി കൊമ്പുകോർത്ത സചിൻ പൈലറ്റ് കോൺഗ്രസ് നേതൃത്വം നൽകിയ വാഗ്ദാനങ്ങളെ തുടർന്ന് യുദ്ധം അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.