അനുനയിപ്പിച്ച് സോണിയ; അമർഷം അടക്കി സചിൻ
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വം ഉപേക്ഷിക്കാനും രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാനും അശോക് ഗെഹ്ലോട്ടിന് വഴിയൊരുങ്ങിയതിനു പിന്നാലെ, സംസ്ഥാനത്തെ പ്രധാന പ്രതിയോഗി സചിൻ പൈലറ്റിനെ അനുനയിപ്പിച്ച് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സംസ്ഥാനത്തിന്‍റെ താൽപര്യങ്ങൾ മുൻനിർത്തി തുടർന്നും പ്രവർത്തിക്കുമെന്ന് 10-ജൻപഥിലെത്തി സോണിയയെ കണ്ടശേഷം സചിൻ പൈലറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ബഹുഭൂരിപക്ഷം എം.എൽ.എമാരും ഗെഹ്ലോട്ടിന് ഒപ്പമാണെന്നിരിക്കെ, സംഖ്യാബലത്തിൽ വീണ്ടുമൊരിക്കൽക്കൂടി തോറ്റുപോയ സചിന് മുഖ്യമന്ത്രിസ്ഥാനത്തിനുള്ള അവകാശവാദത്തിൽനിന്ന് പിന്മാറുകയല്ലാതെ നിവൃത്തിയില്ല. അടുത്ത വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ, പാർട്ടിയിലെ ഭൂരിപക്ഷം എം.എൽ.എമാരുടെ വികാരം കണക്കിലെടുക്കാതെ മുന്നോട്ടുപോകാനാവില്ല. വീണ്ടുമൊരിക്കൽക്കൂടി പാർട്ടിയെ വിജയത്തിലേക്കു നയിക്കേണ്ട പ്രധാന ഉത്തരവാദിത്തം മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിനാണ്.
ഇതിനുതക്കവിധത്തിൽ പാർട്ടിയെ സജ്ജമാക്കാനുള്ള ഉത്തരവാദിത്തം തുടങ്ങിവെച്ചുവെന്നും അതു പൂർത്തീകരിക്കാൻ അനുവദിക്കണമെന്നുമാണ് ഗെഹ്ലോട്ടിന്‍റെ ആവശ്യം. പാർട്ടിയുടെ പൊതുവികാരം കണക്കിലെടുക്കാതെ മുന്നോട്ടുപോകാനാവില്ല. യുവനേതാവായ സചിന് പാർട്ടി നേതൃത്വത്തിന്‍റെ പൂർണ പിന്തുണയുണ്ട്; അദ്ദേഹത്തിന്‍റെ സേവനം പാർട്ടി വിലമതിക്കുകയും ചെയ്യുന്നു. നേതൃത്വത്തിൽനിന്ന് ഈ വിശദീകരണമാണ് സചിന് കിട്ടിയതെന്നാണ് വിവരം. എന്നാൽ, പദവി ലഭിക്കാൻ സാഹചര്യങ്ങൾ ഒരുങ്ങിവന്നശേഷം പിന്മാറേണ്ടിവന്ന സചിൻ അമർഷത്തിലാണ്.
രാജസ്ഥാൻ: പരസ്യ പ്രസ്താവന വിലക്കി
ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യങ്ങൾ പുറത്തുപറഞ്ഞ് ചർച്ചയാക്കുന്നത് വിലക്കി ഹൈകമാൻഡ്. ഇത്തരക്കാർക്കെതിരെ കർക്കശ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.