രാജസ്ഥാനിൽ മുട്ടുമടക്കി സചിൻ; ബി.ജെ.പിയും
text_fieldsന്യൂഡൽഹി: ഒരു മാസം നീണ്ട രാജസ്ഥാൻ രാഷ്ട്രീയ നാടകത്തിന് തിരശ്ശീല വീഴുേമ്പാൾ കോൺഗ്രസിൽ വിമത വിപ്ലവത്തിന് ഇറങ്ങിയ സചിൻ പൈലറ്റ് പദവിയും വിശ്വാസ്യതയും കളഞ്ഞു കുളിച്ച് മുട്ടുമടക്കിയ നിലയിൽ. അവസരം ഉപയോഗപ്പെടുത്താൻ ആവുന്നത്ര ശ്രമിച്ച ബി.ജെ.പിക്ക് നിരാശ; ഒപ്പം പുറത്തു വന്നത് പാർട്ടിയിലെ ഉൾപ്പോര്.
ഇതിനിടയിൽ ബി.െജ.പിയുടെയും പൈലറ്റിെൻറയും നീക്കങ്ങൾ പൊളിച്ച് അധികാരം നിലനിർത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിജയശ്രീ ലാളിതനായി. മധ്യപ്രദേശിൽ സംഭവിച്ചതിൽ നിന്ന് വ്യത്യസ്തമായി, പിണങ്ങിയ യുവനേതാവിനെ അനുനയിപ്പിക്കാനും അധികാരം കൈവിട്ടു പോകാതിരിക്കാനും സമർഥമായി പ്രവർത്തിച്ച കോൺഗ്രസ് നേതൃത്വത്തിെൻറ തന്ത്രത്തിനും വിജയം.
ബി.ജെ.പിയിലെ ചേരിപ്പോര്
സചിൻ പൈലറ്റ് ബി.ജെ.പിയിൽ എത്താത്തതിന് പ്രധാന തടസ്സമായത് മുൻമുഖ്യമന്ത്രി വസുന്ധര രാജെയാണ്. മോദി, അമിത്ഷാമാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി സചിനെ ഏറ്റെടുക്കാൻ വസുന്ധര തയാറായില്ല. കോൺഗ്രസിൽ ഗെഹ്ലോട്ടുമായി ഏറ്റുമുട്ടിയ പൈലറ്റ്, നാളെയൊരിക്കൽ താനുമായി ബി.ജെ.പിയിൽ ഏറ്റുമുട്ടുമെന്നും തെൻറ ഭാവിക്ക് ദോഷം ചെയ്യുമെന്നും കണ്ട വസുന്ധര, കേന്ദ്രനേതാക്കളുടെ താൽപര്യത്തോട് പാർട്ടിയിൽ യുദ്ധം ചെയ്യുകയായിരുന്നു. മോദി അമിത്ഷാമാരുടെ നിയന്ത്രണത്തിലല്ല രാജസ്ഥാനിൽ ബി.ജെ.പി ചലിക്കുന്നെതന്ന യാഥാർഥ്യം കൂടി പുറത്തു വന്നപ്പോൾ, രാജ്ഭവനിലിരുന്ന് ചരടുവലിച്ച ഗവർണറും മുഖം കളഞ്ഞു.
നിയമസഭ സമ്മേളനം വിളിക്കാൻ മന്ത്രിസഭ നൽകിയ ശിപാർശ ഓരോ കാരണങ്ങൾ പറഞ്ഞ് മൂന്നുവട്ടം മടക്കിയതിനൊടുവിലാണ്, 14ന് സമ്മേളനം തുടങ്ങാൻ ഗവർണറുടെ അനുമതിയായത്. ഈ സാവകാശം വഴി സചിൻ കൂടുതൽ എം.എൽ.എമാരെ സമ്പാദിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷ പാളി. രാജസ്ഥാനിൽ മധ്യപ്രദേശ് ആവർത്തിച്ചില്ല. കുതിരക്കച്ചവടം പരീക്ഷിച്ചു പരാജയപ്പെട്ടത് രാജസ്ഥാനിലെ ദുരനുഭവം.
അജയ്യനായി ഗെഹ്ലോട്ട്
കോൺഗ്രസിൽ പഴയ തലമുറയും യുവതലമുറയുമായി നടക്കുന്ന ഏറ്റുമുട്ടലുകൾക്കിടയിൽ അസാധാരണ വിജയമാണ് പഴയ തലമുറക്കാരനായ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേടിയത്. കോടതി നിലപാടുകൾ പോലും എതിരായിട്ടും, ബി.ജെ.പിയേയും സചിനെയും നേരിട്ടു തോൽപിക്കാൻ കഴിയുമെന്ന ഗെഹ്ലോട്ടിെൻറ ഉറച്ച വിശ്വാസവും അതിനൊത്ത തന്ത്രങ്ങളുമാണ് രാജസ്ഥാനിൽ വിജയം കണ്ടത്. ഇത് ബി.ജെ.പിയുടെ കുതിരക്കച്ചവട രാഷ്്ട്രീയത്തെ നേരിടാൻ കോൺഗ്രസിന് കൂടുതൽ ആത്മവിശ്വാസവും പകർന്നു നൽകുന്നു.ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിസ്ഥാനം ഗെഹ്ലോട്ട് നേടിയതെങ്കിൽ, ഇനിയങ്ങോട്ട് അദ്ദേഹമാണ് രാജസ്ഥാനിൽ കോൺഗ്രസിെൻറ അവസാന വാക്ക്.
കൈവിട്ടത് വീണ്ടെടുത്ത് ഹൈകമാൻഡ്
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചർച്ചക്ക് വാതിൽ തുറന്നിട്ടതു വഴിയാണ് രാജസ്ഥാൻ കോൺഗ്രസിൽ ഒത്തുതീർപ്പ് സാധ്യമായത്. ഇരുവരെയും കാണാൻ പോലും കൂട്ടാക്കാത്ത നിലപാടാണ് സചിൻ തുടക്കത്തിൽ സ്വീകരിച്ചത്. നെഹ്റു കുടുംബത്തെ അത്തരത്തിൽ അവഗണിക്കുന്നവർക്ക് പടിക്കു പുറത്താണ് തുടർന്നങ്ങോട്ട് സ്ഥാനം. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലെത്തിയ മുൻഅനുഭവത്തിൽ നിന്ന് ഹൈകമാൻഡ് പാഠം പഠിച്ചു.
ഗെഹ്ലോട്ടുമായി പോരടിക്കുേമ്പാഴും സചിനുമായി സംസാരവും സൗഹൃദവും നിലനിർത്താൻ പ്രിയങ്ക ഗാന്ധി താൽപര്യമെടുത്തു. കോൺഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടുന്ന രാജസ്ഥാനിൽ മൂന്നാമതൊരു പാർട്ടി ഉണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ഉപദേശവും പ്രിയങ്ക നൽകി. ആദ്യ ഘട്ടത്തിൽ തള്ളിയെങ്കിലും, വഴിയടഞ്ഞപ്പോൾ രാഹുലിനെ കാണാൻ സചിൻ തയാറായി. അവിടേക്ക് എത്തിച്ചത് പ്രിയങ്ക ഗാന്ധിയാണ്.
ഉപമുഖ്യമന്ത്രി, പി.സി.സി സ്ഥാനങ്ങൾ തിരിച്ചു പിടിക്കാൻ പോലും കഴിയാത്ത കീഴടങ്ങലിെൻറ ഘട്ടത്തിൽ കൈത്താങ്ങായി കൂടെ ഉണ്ടാവുമെന്ന ഉറപ്പാണ് ഇവർ സചിന് നൽകിയിട്ടുള്ളത്. പക്ഷേ, സചിൻ പൂർവസ്ഥിതി വീണ്ടെടുക്കാൻ സമയമേറെ എടുക്കുമെന്നത് യാഥാർഥ്യം മാത്രം.
സചിൻ പൈലറ്റിെൻറ ഭാവി
ഉപമുഖ്യമന്ത്രി, പി.സി.സി പ്രസിഡൻറ് സ്ഥാനങ്ങൾ നഷ്ടപ്പെട്ട സചിേൻറത് നിവൃത്തികെട്ട മടങ്ങി വരവാണ്. ഗെഹ്ലോട്ടിനെപ്പോലെ അതികായനായ നേതാവിനോട് ഏറ്റുമുട്ടുേമ്പാൾ വേണ്ട മുന്നൊരുക്കമോ തന്ത്രമോ ഇല്ലാതെ മുഖമുടഞ്ഞ സചിെൻറ കരുനീക്കം 'പാമ്പും ഗോവണിയും' കളി പോലെയായി. ഇനി വിശ്വാസ്യതയും നേതൃനിലയും തിരിച്ചു പിടിക്കാൻ 'ഒന്ന്' എന്നു തുടങ്ങണം.
ഗെഹ്ലോട്ടിെൻറയും ഹൈകമാൻഡിെൻറയും ഒപ്പം നിന്ന എം.എൽ.എമാരുടെയും വരെ വിശ്വാസ്യത കളഞ്ഞു കുളിച്ച് സ്വീകാര്യത പോയ സചിൻ, ഗെഹ്ലോട്ടിെൻറ പിൻഗാമിയാകാൻ അതെല്ലാം വീണ്ടെടുക്കണം. ബി.ജെ.പിയുമായി ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമാണെന്നിരിക്കേ, കോൺഗ്രസ് പാരമ്പര്യത്തിനും ഇടിവേറ്റു. ഗെഹ്ലോട്ടിനെ പിന്തുണക്കുന്ന എം.എൽ.എമാരുടെ ആറിലൊന്നു പേരെ പോലും അവസാനം വരെ പിടിച്ചു നിർത്താൻ സചിന് കഴിഞ്ഞില്ല. ഹൈകമാൻഡിെൻറ കൈത്താങ്ങും ഗെഹ്ലോട്ടിെൻറ കനിവും മാത്രമാണിപ്പോൾ ആശ്രയം.
ബി.ജെ.പിയുമായി നീക്കുപോക്കിന് ശ്രമിച്ചില്ല
ന്യൂഡൽഹി: ബി.ജെ.പിയുമായി നീക്കുപോക്കിന് താനോ, ഒപ്പമുള്ള എം.എൽ.എമാരോ ആരുമായും സംസാരിച്ചിട്ടില്ലെന്ന് സചിൻ പൈലറ്റ്. ജനത്തിനു നൽകിയ വാഗ്ദാനത്തോടുള്ള പ്രതിബദ്ധതയുടെ കാര്യമാണ് തങ്ങൾ ഉയർത്തിയത്. ഇതിൽ വ്യക്തിപരമായ താൽപര്യങ്ങളില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മൂന്നംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. രാജസ്ഥാനിലെ നേതൃത്വത്തിെൻറ പ്രവർത്തന ശൈലി അടക്കം ഉയർത്തിയ വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഇനി മുന്നോട്ടു പോകുേമ്പാൾ തനിക്കൊപ്പമുണ്ടായിരുന്ന എം.എൽ.എമാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകരുത്. പാർട്ടിയിലും സർക്കാറിലും അവർക്ക് പ്രാതിനിധ്യം കിട്ടണം. താൻ ഒരിക്കലും ഏതെങ്കിലും സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി ഏൽപിക്കുന്ന ഉത്തരവാദിത്തം നിർവഹിക്കും. ഗെഹ്ലോട്ടുമായി ഒന്നിച്ചുപോകാൻ കഴിയുമെന്നും രാഷ്ട്രീയത്തിൽ വ്യക്തിവിദ്വേഷത്തിനും ശത്രുതക്കും സ്ഥാനമില്ലെന്നും സചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.