വ്യക്തികളല്ല; ആശയമാണ് പ്രധാനം -സിന്ധ്യയെ ഉന്നംവെച്ച് സചിൻ പൈലറ്റ്
text_fieldsഗ്വാളിയർ (മധ്യപ്രദേശ്): ഈ പോരാട്ടത്തിൽ വ്യകതികളല്ല, ആശയമാണ് പ്രധാനമെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തിനായി ഗ്വാളിയറിലെത്തിയ സചിൻ, മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാർട്ടിയിൽ തെൻറ അടുത്ത സുഹൃത്തായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് ചേക്കേറിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സചിൻ പൈലറ്റിെൻറ പ്രതികരണം. സിന്ധ്യയുടെ ജന്മദേശമായ ഗ്വാളിയറിൽ രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് സചിൻ എത്തിയത്.
രാഷ്ട്രീയത്തിൽ എല്ലാവർക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാൻ എെൻറ പാർട്ടിക്കും സിന്ധ്യ അദ്ദേഹത്തിെൻറ പാർട്ടിക്കും വേണ്ടി പ്രചാരണം നടത്തുന്നു. എന്നാൽ, വ്യക്തികളല്ല, ഇവിടെ പ്രധാനം, നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയമാണ്. കഴിഞ്ഞ കാലങ്ങളിലും ഞാൻ മധ്യപ്രദേശിൽ പ്രചാരണത്തിന് വന്നിട്ടുണ്ട്. ഇപ്പോൾ വീണ്ടും പാർട്ടി എന്നോട് പ്രചാരണത്തിനിറങ്ങാൻ പറഞ്ഞു. ഞാൻ അനുസരിക്കുന്നു.
കോൺഗ്രസ് കഴിഞ്ഞ 20 വർഷം എനിക്ക് ഒരുപാട് നൽകിയിട്ടുണ്ട്. മതേതരത്വം മുറുകെപ്പിടിച്ച്, എല്ലാവരെയും ഒരുമനസ്സോടെ ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുന്ന കോൺഗ്രസിെൻറ സമുന്നതമായ ആശയമാണ് ഈ വേളയിൽ രാജ്യത്തിന് ആവശ്യമെന്ന് ഞാൻ കരുതുന്നു. ഇന്ത്യയുടെ പാരമ്പര്യങ്ങളെയും പാർട്ടി വിലമതിക്കുന്നു. ബി.ജെ.പിയെ നേരിടാൻ ഇന്ത്യയിൽ കോൺഗ്രസിന് മാത്രമേ കഴിയൂ.-സചിൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ജനവിരുദ്ധ ബി.ജെ.പി സർക്കാറിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ട്വിറ്ററിൽ സചിൻ പൈലറ്റ് കുറിച്ചു. ഗ്വാളിയറിൽ കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണയോഗത്തിൽ പ്രസംഗിക്കുന്ന ഫോട്ടോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.