'അവരെ കണ്ടെത്തി അവസാനിപ്പിക്കണം'; ഉദയ്പൂർ കൊലപാതകത്തിൽ സചിൻ പൈലറ്റ്
text_fieldsജയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ ഉൾപ്പട്ടവരെയും പിന്നിൽ പ്രവർത്തിച്ച സംഘടനയെയും കണ്ടെത്തി എന്നത്തേക്കുമായി അവസാനിപ്പിച്ച് കളയണമെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ്. ജയ്പൂരിൽ നടന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
പ്രതികൾ മനുഷ്യത്വത്തിന്‍റെ എല്ലാ അതിർ വരമ്പുകളും ലംഘിച്ചെന്ന് പൈലറ്റ് പറഞ്ഞു. ഇത്തരമൊരു കൊലപാതകവും ഇരയെ കൊലപ്പെടുത്താൻ ഉപയോഗിച്ച രീതിയും എല്ലാവരെയും ഞെട്ടിച്ചു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം കണ്ടെത്തി കോടതി വഴി അവർക്കും അതേ ശിക്ഷ നൽകിയാൽ രാജ്യത്തിനാകെ മാതൃകയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കനയ്യ ലാലിന്‍റെ മരണത്തിൽ രണ്ട് പേരെ സംസ്ഥാന പൊലീസ് പിടികൂടിയിട്ടുണ്ടെന്നും ഇവർക്ക് പാകിസ്താനിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നും പൈലറ്റ് പറഞ്ഞു. കശ്മീരിനും പഞ്ചാബിനും പുറമെ രാജസ്ഥാനും അതിർത്തി സംസ്ഥാനമാണെന്ന് അതിർത്തി കടന്നുള്ള ബന്ധങ്ങളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. 'കൊലപാതകം അതിർത്തിക്കപ്പുറത്ത് നിന്നുള്ള സംഘടനകളുമായി ബന്ധമുണ്ടെങ്കിൽ നമുക്ക് ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ട്. കേസന്വേഷണത്തിൽ ആരെങ്കിലും വീഴ്ച വരുത്താൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥന്‍റെ സീനിയോറിറ്റി പോലും പരിഗണിക്കാതെ കേസെടുക്കും'- പൈലറ്റ് പറഞ്ഞു. ഇരയുടെ കുടുംബത്തെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് കനയ്യ ലാലെന്നയാളെ കഴിഞ്ഞ ദിവസമാണ് രണ്ടു പേർ ചേർന്ന് തലയറുത്ത് കൊന്നത്. കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച റിയാസ് അക്തർ, ഘോഷ് മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.