മൻസുഖ് ഹിരേന്‍റെ ദുരൂഹ മരണം; സച്ചിൻ വാസെ അറസ്റ്റിലായേക്കും
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോവുടെ ഉടമ മൻസുഖ് ഹിരേന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അസി. ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ അറസ്റ്റിന് സാധ്യത. അറസ്റ്റ് സാധ്യത തെളിഞ്ഞതോടെ സച്ചിൻ വാസെ മുൻകൂർ ജാമ്യാപേക്ഷയുമായി വെള്ളിയാഴ്ച താണെ സെഷൻസ് കോടതിയെ സമീപിച്ചു. സച്ചിന്‍റെ അപേക്ഷയിൽ സർക്കാറിന്‍റെയും പൊലിസിന്‍റെയും പ്രതികരണം തേടിയ കോടതി ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റിവിച്ചു. ഹരജിയിൽ വിധി പറയുംവരെ അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന സച്ചിന്‍റെ അപേക്ഷ കോടതി തള്ളി.
അതെസമയം, ലോകത്തോട് 'ഗുഡ്ബൈ' പറയാനുളള സമയം അടുത്തുവരികയാണെന്ന സച്ചിൻ വാസെയുടെ വൈകാരിക വാട്സ് ആപ്പ് സ്റ്റാറ്റസ് ചർച്ചയായി. 2004 ആവർത്തിക്കുകയാണെന്നും തന്‍റെ സഹപ്രവർത്തകർ തനിക്കെതിരെ കെണിയൊരുക്കുകയാണെന്നും വാട്സ് ആപ്പ് സ്റ്റാറ്റസിൽ പറയുന്നു. 2002 ലെ ഘാട്കൂപ്പർ സ്ഫോടന കേസിൽ പിടിയിലായ ഖ്വാജ യൂനുസ് ശൈഖിന്‍റെ കസ്റ്റഡി മരണ കേസിലാണ് സച്ചിൻ 2004 ൽ അറസ്റ്റിലായത്. കേസിൽ വിചാരണ പൂർത്തിയായിട്ടില്ല. സസ്പെൻഷനിലായിരുന്ന സച്ചിനെ കഴിഞ്ഞ ജൂണിലാണ് ശിവസേന നയിക്കുന്ന മഹാ വികാസ് അഗാഡി സർക്കാർ ജോലിയിൽ തിരിച്ചെടുത്തത്. ഇതിനെതിരെ ഖ്വാജ യൂനുസിന്‍റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ജോലിയിൽ തിരിച്ചെത്തിയ സച്ചിനെ ക്രൈം ഇൻറലിജൻസ് യൂണിറ്റിലാണ് (സി.െഎ.യു) നിയമിച്ചത്. അർണബ് ഗോസ്വാമിക്കെതിരായ ടി.ആർ.പി തട്ടിപ്പ്, അൻവെ നായിക് ആത്മഹ്യ കേസുകൾ അന്വേഷിച്ചിരുന്നതും അൻവെ നായിക് കേസിൽ അർണബിനെ അറസ്റ്റ് ചെയ്തതും സച്ചിൻവാസെയാണ്. പുൽവാമ, ബലാകോട്ട് സൈനിക മിന്നലാക്രമണം തുടങ്ങിയ ദേശസുരക്ഷ വിവരങ്ങൾ പങ്കുവെക്കുന്ന അർണബും ബാർക്ക് മുൻ മേധാവി പാർഥ ദാസ് ഗുപ്തയും തമ്മിലെ വിവാദ വാട്സ് ആപ്പ് ചാറ്റുകൾ കണ്ടെത്തിയതും സച്ചിനാണ്.
മൻസുഖ് ഹിേരെനെ സച്ചിൻ വാസെ കൊലപ്പെടുത്തിയതാണെന്ന് ഹിരേന്‍റെ ഭാര്യ വിമല ആരോപിച്ചതോടെ സച്ചിന്‍റെ അറസ്റ്റിന് ബി.ജെ.പി മുറവിളികൂട്ടിയിരുന്നു. സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോ കഴിഞ്ഞ നവമ്പർ മുതൽ ഫെബ്രുവരി അഞ്ച് വരെ സച്ചിന്‍റെ കെെവശമായിരുന്നുവെന്നും വിമല ആരോപിച്ചു. ബി.ജെ.പി സച്ചിനെതിരെ നിലപാട് കടുപ്പിച്ചതോടെ വെള്ളിയാഴ്ച സച്ചിനെ സി.െഎ.യുവിൽ നിന്ന് സിറ്റിസൺ ഫെസിലിറ്റേഷൻ സെൻററിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.