'ഗവർണറെ ഉടൻ പുറത്താക്കുക, പദവി വഹിക്കാൻ യോഗ്യനല്ല'; രാഷ്ട്രപതിക്ക് കത്തെഴുതി ഡി.എം.കെ
text_fieldsചെന്നൈ: ഗവർണർ ആർ.ആൻ. രവി സമാധാനത്തിന് ഭീഷണിയാണെന്നും പദവിയിൽനിന്ന് അദ്ദേഹത്തെ ഉടൻ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി.
ജനങ്ങളെ സേവിക്കുന്നതിൽനിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ തടസ്സപ്പെടുത്തുകയാണെന്നും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തി. ഭരണഘടനയും നിയമവും സംരക്ഷിക്കുമെന്നും പ്രതിരോധിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത ഗവർണർ രവി അവ ലംഘിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും ഡി.എം.കെ ആരോപിച്ചു.
അദ്ദേഹത്തിന്റെ പ്രസ്താവനകൾ സർക്കാറിനെതിരെ അതൃപ്തി സൃഷ്ടിക്കുന്നതാണ്. ചിലർ അദ്ദേഹത്തിന്റെ പ്രസ്താവനകൾ രാജ്യദ്രോഹമായി കണും. ആർ.എൻ രവി ഭരണഘടന പദവി വഹിക്കാൻ യോഗ്യനല്ല. അദ്ദേഹത്തെ ഉടൻ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ കത്തിൽ പറയുന്നു. ഗവർണറെ തിരിച്ചുവിളിക്കാനുള്ള നിവേദനത്തിന് സമാനമനസ്കരായ എം.പിമാരുടെ പിന്തുണ തേടി ഡി.എം.കെ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.
നിയമസഭ പാസ്സാക്കിയ 20ഓളം ബില്ലുകളാണ് ഗവർണറുടെ അനുമതി കാത്തുകിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.