'മന്ത്രി അജയ് മിശ്ര ക്രിമിനൽ, പുറത്താക്കണം' -ലോക്സഭയിൽ നോട്ടീസുമായി രാഹുൽ
text_fieldsന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ക്രിമിനൽ എന്നു വിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരെ വാഹനം കയറ്റി കൊന്നതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നുവെന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരിക്കേ, മുഖ്യപ്രതി ആശിഷ് മിശ്രയുടെ പിതാവായ അജയ് മിശ്ര രാജിവെക്കുകയോ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കുകയോ വേണമെന്ന് പ്രതിപക്ഷം പാർലമെൻറിൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഈ ആവശ്യം മുൻനിർത്തിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെൻറ് ഇന്നും സ്തംഭിച്ചു. ലഖിംപുർ വിഷയം പാർലമെൻറിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കണമെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മന്ത്രി ഉടൻ രാജി വെക്കണം. അദ്ദേഹം ഒരു ക്രിമിനലാണ്.
ഗൂഢാലോചനയിൽ മന്ത്രിക്ക് പങ്കാളിത്തമുണ്ടെന്ന് രാഹുൽ ആരോപിച്ചു. എന്നാൽ വിഷയത്തിൽ വിശദീകരണം നൽകാനോ, ചർച്ചക്കോ സർക്കാർ തയാറായില്ല. മന്ത്രിയാകട്ടെ, ആഭ്യന്തര മന്ത്രാലയത്തിൽ എത്തുന്നുണ്ടെങ്കിലും പാർലമെൻറ് നടപടികളിൽ നിന്ന് മിക്കവാറും വിട്ടുനിൽക്കുകയാണ്. 12 എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കുകയും ലഖിംപുർ ഖേരി സംഭവത്തിൽ മന്ത്രിയെ പുറത്താക്കുകയും ചെയ്യാതെ സഭ നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാൽ രണ്ടിനും വഴങ്ങില്ലെന്നാണ് സർക്കാർ നിലപാട്.
മകൻ അറസ്റ്റിലായാൽ മന്ത്രി എങ്ങനെ കുറ്റക്കാരനാകുമെന്ന ചോദ്യം ഉയർത്തി പ്രതിരോധിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. ബഹളം പല ദിവസങ്ങളായി തുടരുകയാണെങ്കിലും 23 വരെ നിശ്ചയിച്ച പാർലമെൻറ് സമ്മേളനം ഇത്തവണ നേരത്തെ സർക്കാർ അവസാനിപ്പിക്കാൻ ഇടയില്ല.
സ്ത്രീ വിവാഹ പ്രായം ഉയർത്തൽ, വോട്ടെടുപ്പു പരിഷ്കരണം തുടങ്ങിയ സുപ്രധാന ബില്ലുകൾ മന്ത്രിസഭ പാസാക്കിയെങ്കിലും പാർലമെൻറിലേക്കെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.