'അത് ധർമ സൻസദ് അല്ല, ധർമ സങ്കട്'; ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിനെതിരെ സന്യാസിമാർ
text_fieldsഹരിദ്വാറിലെ ധർമ സൻസദിൽ മുസ്‍ലിംകളെ കൂട്ടക്കൊല നടത്താൻ പുതിയ ആയുധങ്ങൾ കണ്ടെത്തണമെന്ന് പ്രസംഗിച്ച ഹിന്ദു പുരോഹിതൻമാർക്കെതിരെ സന്യാസിമാർ രംഗത്ത്. ഹരിദ്വാറിൽ വിദ്വേഷ പ്രസംഗങ്ങൾ അരങ്ങേറിയ ധർമ സൻസദ് പരിപാടികൾ ധർമ സൻസദ് പരിപാടികളല്ല, മറിച്ച് 'ധർമ സങ്കട്' പരിപാടികളാണെന്ന് സന്യാസിമാർ പറഞ്ഞു. ജനുവരി 29ന് യു.പിയിലെ പ്രയാഗ്‌രാജിൽ 'ഇസ്‌ലാമിക ജിഹാദിനെതിരെയും ഹിന്ദു രാഷ്ട്രത്തിന്റെ സൃഷ്ടിക്കുവേണ്ടിയും സന്ത് സമ്മേളനം' എന്ന തലക്കെട്ടിൽ പ്രയാഗ്‌രാജ് ധർമസൻസദ് അരങ്ങേറിയിരുന്നു. അവിടെയും സമാന പരാമർശങ്ങൾ നടന്നു.
സന്ത് സമ്മേളനത്തിൽ പങ്കെടുത്ത യു.പിയിലെ ഖമാരിയയിൽ നിന്നുള്ള സന്യാസിയായ അഖിലേശ്വർ ദാസ് തപ്‌സി, പരിപാടിയിൽ സംഭവിച്ചതിൽ അങ്ങേയറ്റം ദുഃഖിതനായിരുന്നു. "ഇതൊരു ധർമ സങ്കടമാണ്, ധർമ സൻസദല്ല, ഇതുപോലെ എന്തെങ്കിലും സംഭവിക്കുന്നത് നല്ലതിനല്ല. മെയിൻ നഹി ദേഖ്താ ഹിന്ദു മുസൽമാൻ, മെയിൻ ദേഖ്താ ഹൂൻ ഇൻസാൻ. (ഞാൻ ഹിന്ദു-മുസ്‍ലിം വിവേചനം കാണിക്കുന്നില്ല, ഞാൻ ആളുകളെ മനുഷ്യരായി കാണുന്നു''-അദ്ദേഹം പറഞ്ഞു.
വേദിക്ക് പുറത്ത് ധർമ സൻസദിനെ വിമർശിച്ച് തപ്‌സി മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ തയ്യാറായി. പരിപാടിയുടെ സംഘാടകരിലൊരാൾ വന്ന് അദ്ദേഹത്തെ ചീത്തവിളിക്കാൻ തുടങ്ങി, ഹിന്ദുക്കളും മുസ്‍ലിംകളും തുല്യരാണെന്ന് പറഞ്ഞ് മുസ്‍ലിംകൾക്കൊപ്പം നിൽക്കുന്നതായി അദ്ദേഹത്തെ കുറ്റപ്പെടുത്തി.
തനിക്ക് ഏകദേശം 70 വയസ്സ് പ്രായമുണ്ടെന്ന് പറഞ്ഞ വൃന്ദാവനത്തിൽ നിന്നുള്ള അനിൽ ഗിരി എന്ന സാധുവും പരിപാടിയിൽ നടത്തിയ പ്രസംഗങ്ങളുടെയും അക്രമാഹ്വാനങ്ങളുടെയും സ്വഭാവത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.
"പ്രയാഗ്‌രാജ് മേം സ്‌നാൻ കർനേ ആയേ ഹേ. (ഞാൻ ഇവിടെ ഒരു വിശുദ്ധ സ്നാനം ചെയ്യാൻ വന്നതാണ്.) അങ്ങനെയാണ് ഞാൻ പരിപാടിയിൽ പങ്കെടുത്തത്. യോഗി അധികാരത്തിൽ തിരിച്ചെത്തേണ്ടത് പ്രധാനമാണ്. എന്നാൽ ഈ സാധുമാർ ചെയ്യുന്നത് തെറ്റാണ്. അക്രമത്തെക്കുറിച്ച് സംസാരിക്കാൻ. ഞങ്ങൾ (സാധുമാർ) അക്രമം പ്രസംഗിക്കാനാണോ? സാധു കാ കാം നഹി ഹൈ യേ, മർകാത് കാ ബാത് കർന. (അക്രമത്തെ കുറിച്ച് സംസാരിക്കുകയും വാദിക്കുകയും ചെയ്യൽ സാധുക്കളുടെ പണിയല്ല.). അവർ ഇത് ചെയ്യാൻ പാടില്ല. അവരുടെ വിചാരം (ചിന്താഗതി) എന്റേതിൽ നിന്ന് വ്യത്യസ്തമാണ്." -അദ്ദേഹം പറഞ്ഞു. ധർമ സൻസദിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സന്യാസിമാർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.