മദർ തെരേസക്കും ഐ.എം.എക്കുമെതിരെ വി.എച്ച്.പി നേതാവ് സാധ്വി പ്രാചി
text_fieldsലഖ്നോ: വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രശസ്തയായ ഉത്തർപ്രദേശിലെ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സാധ്വി പ്രാചി, മദർ തെരേസക്കും മതംമാറ്റത്തിനും ഐ.എം.എക്കുമെതിരെ രംഗത്ത്. അലോപ്പതി ആളെക്കൊല്ലിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച യോഗഗുരു ബാബ രാംദേവിനെ പിന്തുണച്ചുകൊണ്ടാണ് പ്രാചി വിഷലിപ്തമായ പരാമർശങ്ങൾ നടത്തിയത്..
ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ക്രിസ്ത്യൻ മിഷനറിമാരാണെന്ന് പരോക്ഷമായി വിശേഷിപ്പിച്ച പ്രാചി, സംഘടനയുടെ പ്രവർത്തനം ഇന്ത്യയിൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
''ഇന്ത്യയിൽ ആളുകളെ സ്പർശനത്തിലൂടെ സുഖപ്പെടുത്തിയ മാന്ത്രികയായ മദർതെരേസ ഉണ്ടായിരുന്നു. ആ മദർ തെരേസ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സ്വാമി രാംദേവ് ജി കോടിക്കണക്കിന് ആളുകളെ ആരോഗ്യവാന്മാരാക്കിയിട്ടുണ്ട്. ആയുർവേദത്തിനെ ചെളി എറിയുന്ന ഐ.എം.എ അംഗങ്ങൾ ചെവി തുറന്ന് കേൾക്കുക. സ്വാമി രാംദേവ് ജി രാജ്യത്തിനായി മികച്ച സേവനമാണ് ചെയ്യുന്നത്. അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളുടെ രോഗമാണ് ഭേദമാക്കുന്നത്'' -പ്രാചി പറഞ്ഞു.
''കലത്തിലെ വെള്ളവും ഫ്രിഡ്ജിലെ വെള്ളവും പോലെയാണ് ആയുർവേദവും അലോപ്പതിയും. കലത്തിലെ വെള്ളത്തിൽ നിന്ന് ആർക്കും അസുഖം വരില്ല. അതാണ് ആയുർവേദം. 1928ലാണ് ഐ.എം.എ എന്ന ഒരു എൻ.ജി.ഒ ഇവിടെ ഉണ്ടാക്കിയത്. വിദേശ കമ്പനികളുടെ ഏജന്‍റുമാരായ ക്രിസ്ത്യൻ മിഷനറിമാർ ആയുർവേദത്തെ എതിർക്കുന്നു. ആയുർവേദത്തിൽ ശസ്ത്രക്രിയ ഉണ്ട്. ആയുർവേദ ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കണം. എൻ.ജി.ഒയുടെ പ്രവർത്തനം നിർത്തലാക്കണം. ഇന്ത്യയിൽ മതപരിവർത്തന ഗെയിമാണ് നടക്കുന്നത്. സർക്കാരുകൾ ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണം'' -സാധ്വി പ്രാചി ആവശ്യപ്പെട്ടു.
നേരത്തെ പശുവിന്‍റെ പേരിലുള്ള ആൾക്കൂട്ടക്കൊലപാതകത്തെ ന്യായീകരിച്ച പ്രാചി, ഇനിയും അത്തരം നടപടികൾ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരായ മുസ്ലിംകൾക്കും മുസ്ലിം പള്ളികൾക്കുമെതിരെ രൂക്ഷമായ വർഗീയ പ്രസ്താവനകളും ഇവർ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.