ബാർജ് ദുരന്തം: ചുഴലിക്കാറ്റ് മുന്നറിയിപ്പ് ക്യാപ്റ്റൻ അവഗണിച്ചു; കുറ്റം ബാർജ് ഉടമക്കെന്ന് ഒ.എൻ.ജി.സി
text_fieldsമുംബൈ: ടോട്ടെ ചുഴലിക്കാറ്റ് മഹാഭീതിയായി ആഞ്ഞുവീശുമെന്ന് കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ, മുങ്ങിയ ബാർജിലെ ക്യാപ്റ്റൻ നിർദേശങ്ങൾ അവഗണിച്ച് കടലിൽ തുടരുകയായിരുന്നുവെന്നും ആരോപണം. ഒ.എൻ.ജി.സിക്കു കീഴിലെ ജോലിയായിരുന്നു ബാർജിന്. മൊത്തം 99 കപ്പലുകൾ ഇതേ ദൗത്യവുമായി ആഴക്കടലിലുണ്ടായിരുന്നുവെന്നും 94ഉം മുന്നറിയിപ്പ് പാലിച്ച് തിരിച്ചെത്തിയതായും ഒ.എൻ.ജി.സി പറയുന്നു.
ടോട്ടേ ആഞ്ഞുവീശിയതോടെ അർധരാത്രിക്കു ശേഷമാണ് ബാർജ് നങ്കൂരം തകർന്ന് നിയന്ത്രണം വിട്ട് റിഗ്ഗിൽ ഇടിച്ചുമുങ്ങിയത്. ദുരന്തത്തിൽ രണ്ടു മലയാളികൾ ഉൾപെടെ 49 കപ്പൽ ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ ഉൾപെടെ 37 പേരെ കുറിച്ച് ഇനിയും വിവരമില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. നങ്കൂരം തകർന്നയുടൻ വിവരം മുംബൈയിൽ ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലെ കേന്ദ്രത്തിൽ അറിയിച്ചിരുന്നുവെങ്കിൽ രക്ഷാനടപടികൾ കൈക്കൊള്ളാനാകുമായിരുന്നുവെന്ന് മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു. പിറ്റേന്ന് രാവിലെ 10 മണിയോടെയാണ് മന്ത്രാലയത്തിൽ വിവരമറിയുന്നത്. അപ്പോഴേക്ക് ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് പ്രവേശിച്ചിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെ പി.305 ബാർജ് പൂർണമായി മുങ്ങുകയും ചെയ്തു. മൊത്തം 261 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 186 പേരെ രക്ഷപ്പെടുത്തി.
മുന്നറിയിപ്പിനെ തുടർന്ന് ബാർജ് 200 മീറ്റർ മാറ്റിയിട്ടിരുന്നു. കൊടുങ്കാറ്റിെൻറ വേഗതയും ബാർജ് നിന്ന സ്ഥലവും പരിഗണിച്ച് ഇത് സുരക്ഷിതമെന്ന് ക്യാപ്റ്റൻ വിശ്വസിച്ചതാകാമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.