കാവിക്കൊടി ഭാവിയിൽ ദേശീയ പതാകയാകുമെന്ന് കർണാടക മന്ത്രി ഈശ്വരപ്പ
text_fieldsബംഗളൂരു: കാവിക്കൊടി ഭാവിയിൽ ത്രിവർണ പതാകക്ക് പകരം ദേശീയ പതാകയായി മാറുമെന്ന് കർണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ. എല്ലായിടത്തും തങ്ങൾ കാവി പതാക ഉയർത്തുമെന്നും ഇന്നോ അല്ലെങ്കിൽ നാളെയോ ഇന്ത്യ ഒരു ഹിന്ദു രാജ്യമായി മാറുമെന്നും ഈശ്വരപ്പ പറഞ്ഞു. ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ, ശിരോവസ്ത്ര വിരുദ്ധ പ്രതിഷേധക്കാർ കാവി പതാക ഉയർത്തിയ സംഭവത്തിലായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന.
"അടുത്ത നൂറുവർഷത്തിനോ ഇരുനൂറു വർഷത്തിനോ അല്ലെങ്കിൽ അഞ്ചുവർഷത്തിനോ ഇടയിൽ ദേശീയപതാകയായി കാവി പതാക മാറും. നൂറ്റാണ്ടുകൾക്ക് മുമ്പ് രാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തിൽ കാവി പതാക ഉപയോഗിച്ചിരുന്നില്ലേ?. ഭാവിയിലും ഇത് സംഭവിക്കില്ലെന്ന് ആർക്കറിയാം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞപ്പോൾ ജനങ്ങൾ ഞങ്ങളെ നോക്കി ചിരിച്ചില്ലേ. എന്നാൽ, അത് ഇപ്പോൾ സാധ്യമാക്കിയില്ലെ?" ഈശ്വരപ്പ പറഞ്ഞു.
എല്ലായിടത്തും കാവി പതാക ഉയർത്തും. ഇന്നോ നാളെയോ ഇന്ത്യ ഹിന്ദു രാജ്യമാകും. ചെങ്കോട്ടയിലും കാവി പതാക ഉയർത്തുമെന്നും ഈശ്വരപ്പ പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനൊപ്പം ത്രിവർണ പതാകയാണ് ഇപ്പോൾ നമ്മുടെ ദേശീയ പതാകയെന്നും അതിനെ ബഹുമാനിക്കാത്തവർ ആരായാലും അവർ രാജ്യദ്രോഹികളാണെന്നും ഈശ്വരപ്പ പറഞ്ഞു.
ഇതിനിടെ, ശിരോവസ്ത്ര വിവാദത്തിൽ കുട്ടികളുടെ മനസിൽ ബി.ജെ.പി വിദ്വേഷത്തിന്‍റെ വിത്ത് പാകുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംസ്ഥാനത്തെ ശിരോവസ്ത്ര വിരുദ്ധ പ്രതിഷേധത്തിനായി സൂറത്തിൽനിന്ന് 50 ലക്ഷം കാവി ഷാളുകളാണ് എത്തിച്ചതെന്ന് ബി.ജെ.പിയെ ഉദ്ദേശിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ചു. ആരാണ് കാവി ഷാളുകൾ കൊണ്ടുവന്ന് വിദ്യാർഥികൾക്ക് നൽകിയതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ മറ്റു പതാക ഉയർത്താറില്ല. ശിവമൊഗ്ഗയിലെ കോളജിന് മുന്നിലെ ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിലാണ് കാവി പതാക ഉയർത്തിയത്. ഇതാണ് എൻ.എസ്.യു.ഐ അംഗങ്ങൾ നീക്കം ചെയ്ത് അവിടെ ത്രിവർണ പതാക ഉയർത്തിയതെന്നും ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.