ബി.ജെ.പി 'തട്ടിയെടുത്ത' തിരുവള്ളുവരെ തിരിച്ചുപിടിച്ച് സ്റ്റാലിൻ; കാവി മാറ്റി വെള്ള വസ്ത്രമണിയിച്ചു
text_fieldsമഹാന്മാരെ കാവിവത്കരിക്കുക എന്ന ബി.ജെ.പി അജണ്ടക്ക് തമിഴ്നാട്ടിൽ തിരിച്ചടി. തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവര്‍ കാവി വസ്ത്രമണിഞ്ഞ ചിത്രം നീക്കം ചെയ്ത് ഡി.എം.കെ സര്‍ക്കാര്‍. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പോർട്രയിറ്റാണ് മന്ത്രി എം.ആര്.കെ. പനീര്‍സെല്‍വം നീക്കം ചെയ്യിച്ചത്. കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവരുടെ ചിത്രം പുനസ്ഥാപിക്കുകയും ചെയ്തു.
ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കറുത്ത നീണ്ട മുടിയോടുകൂടി കാവി വസ്ത്രം ധരിച്ചുള്ള തിരുവള്ളുവരുടെ ചിത്രമാണ് ലൈബ്രറിയില്‍ നിന്ന് മാറ്റിയത്. നീക്കിയ ചിത്രത്തിന് പകരം വെളുത്ത വസ്ത്രമണിഞ്ഞ സര്‍ക്കാര്‍ അംഗീകൃതമായ ചിത്രം പുനസ്ഥാപിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിെൻറ കാലത്ത് കാവി വസ്ത്രം ധരിച്ച തിരുവള്ളുവരുടെ പോസ്റ്ററുകള്‍ സംസ്ഥാനത്ത് പലയിടത്തും പ്രത്യക്ഷപ്പെടുകയും ഇതിനെതിരേ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിെൻറ ഇത്തരം നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. തിരുവള്ളുവറെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് അന്ന് പറഞ്ഞിരുന്നു. പറയാന്‍ സ്വന്തമായി ചരിത്രമില്ലാത്ത ബി.ജെ.പി തിരുവള്ളുവരെ തട്ടിയെടുത്ത് അവരുടേതാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും സി.പി.എമ്മും പറഞ്ഞിരുന്നു.
നെറ്റിയില്‍ മതപരമായ അടയാളങ്ങളോ ശരീരത്തില്‍ ആഭരണങ്ങളോ ഇല്ലാത്ത തിരുവള്ളുവരെ, കാവി വസ്ത്രം ധരിപ്പിച്ച് നെറ്റിയില്‍ ഭസ്മം പുരട്ടി രുദ്രാക്ഷവുമണിയിച്ചുകൊണ്ടുള്ള സി.ബി.എസ്.സി എട്ടാംക്ലാസ് വിദ്യാർഥികളുടെ ഹിന്ദി പാഠപുസ്തകത്തിലെ ചിത്രവും നേരത്തെ ഡി.എം.കെ. സര്‍ക്കാര്‍ നീക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.