കശ്മീരി മാധ്യമപ്രവർത്തകയുടെ പുരസ്കാരം റദ്ദാക്കി മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട്; നടപടി തീവ്രവലതുപക്ഷ പ്രവർത്തകരിൽ നിന്നുള്ള സമ്മർദ്ദം മൂലമെന്ന് വിശദീകരണം
text_fieldsന്യൂഡൽഹി: കശ്മീരി മാധ്യമപ്രവർത്തക സഫീന നബിക്ക് നൽകാനിരുന്ന മീഡിയ അവർഡ് റദ്ദാക്കി മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. അവാർഡ് ദാന ചടങ്ങിന്‍റെ ദിവസമാണ് അവാർഡ് റദ്ദാക്കിയ വിവരം അധികൃതർ മാധ്യമപ്രവർത്തകയെ അറിയിക്കുന്നത്. തീവ്രവലതുപക്ഷ പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്നാണ് അവാർഡ് റദ്ദാക്കിയതെന്ന് അധികൃതരെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര സർക്കാരിന്‍റെ വിദേശ നയവുമായി ചേർന്നുനിൽക്കാത്ത ഏതാനും എഴുത്തുകളും കുറിപ്പുകളും സഫീന നബിയുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ അവർക്ക് അവാർഡ് നൽകുന്നത് ക്ഷണിക്കപ്പെടാത്ത വിവാദങ്ങൾക്ക് വഴിവെക്കുമെന്നും അധികൃതർ പറഞ്ഞു.
കശ്മീരിലെ അർധ വിധവകൾ എന്ന സഫീന നബിയുടെ റിപ്പോർട്ടാണ് അവാർഡിന് അർഹമായത്. ഭർത്താക്കന്മാരുടെ തിരോധാനത്തിന് ശേഷവും സ്വത്തവകാശം നിഷേധിക്കപ്പെടുന്ന കശ്മീരിലെ 'അർധ വിധവകളുടെ' ദീർഘകാല ദുരവസ്ഥയാണ് ലേഖനത്തിൽ വിവരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൂന്നംഗവും, മറ്റ് നാല് അംഗങ്ങളുമടങ്ങുന്ന ഏഴംഗ സമിതിയാണ് റിപ്പോർട്ട് അവാർഡിനായി തെരഞ്ഞെടുത്തത്.
സഫീന നബി അവാർഡിന് അർഹയയായിട്ടുണ്ടെന്ന് ഇവരെ മെയിൽ മുഖേനയും ഫോണിലൂടെയും എം.ഐ.ടി മീഡിയ കമ്മ്യൂണിക്കേൻ മേധാവി ധീരജ് സിങ് അറിയിച്ചിരുന്നു. പൂനെയിലെത്താനുള്ള യാത്രാ സൗകര്യങ്ങളും അധികാരികൾ ഒരുക്കിയിരുന്നു. നിശ്ചയിച്ച പ്രകാരം ഒക്ടോബർ 17ന് പുറപ്പെടാനിരിക്കെ 16ന് ഉച്ചയോടെയാണ് അവാർഡ് റദ്ദാക്കിയിട്ടുണ്ടെന്ന അറിയിപ്പ് വരുന്നതെന്ന് സഫീന പറയുന്നു. കാരണം തിരക്കിയപ്പോൾ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നായിരുന്നു പ്രതികരണമെന്നും അവർ വിശദീകരിച്ചതായും സഫീന കൂട്ടിച്ചേർത്തു.
അവാർഡ് റദ്ദാക്കിയ നടപടി അപലപനീയമാണെന്നും കശ്മീരി മാധ്യമപ്രവർത്തകർക്കെതിരായ വിവേചനങ്ങളെ അംഗീകരിക്കാനാകില്ലെന്നും ജൂറി അംഗവും ദി വയറിന്‍റെ എഡിറ്ററുമായ എം.കെ. വേണു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.