സായിബാബക്കെതിരായ വിധി ഞെട്ടിപ്പിക്കുന്നത് –ഭാര്യ
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല പ്രഫ. സായിബാബ അടക്കമുള്ള ആറു പേര്‍ക്കെതിരായ വിചാരണ കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഭാര്യ വസന്ത വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. ശിക്ഷ വിധിച്ച സ്ഥിതിക്ക് സായിബാബക്ക് മരുന്ന് നല്‍കാനും സഹായിയെ വെക്കാനും അനുമതി നല്‍കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ളെന്നും അവര്‍ പറഞ്ഞു.
മഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായാണ് ഒരു കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ സമര്‍പ്പിച്ച മുഴുവന്‍ കുറ്റങ്ങളും ശരിവെച്ച് ശിക്ഷ വിധിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സായിബാബ അംഗവൈകല്യമുള്ള ആളാണെന്ന പരിഗണന നല്‍കരുതെന്നും നിരവധി പേരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ വൈകല്യം തടസ്സമായിട്ടില്ളെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം തെളിവില്ലാതിരുന്നിട്ടും അതേപടി അംഗീകരിക്കുകയാണ് കോടതി ചെയ്തത്.
ആരോഗ്യകരമായ പ്രതിസന്ധികളുണ്ടായിട്ടും എല്ലാ വിചാരണ ദിവസങ്ങളിലും അദ്ദേഹം എത്തിയിരുന്നു. അപ്പീല്‍ നല്‍കാനുള്ള സാവകാശം കോടതി അനുവദിച്ചില്ല. കോര്‍പറേറ്റുകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും വേണ്ടി ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നയങ്ങള്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ നടത്തുന്ന സമ്മര്‍ദത്തിന്‍െറ ഫലമാണ് കോടതി വിധി. സായിബാബയെ പോലുള്ളവരെ തുറുങ്കിലടച്ച് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമം. എന്നാല്‍, പോരാട്ടം തുടരുമെന്ന് വസന്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.