രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് സെയ്ഫ് അലിഖാൻ, ‘സത്യസന്ധനും ധീരനുമായ നേതാവ്’
text_fieldsമുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു വിഭാഗം ജനങ്ങൾക്ക് തന്നോടുണ്ടായിരുന്ന അനാദരവ് മാറ്റിയെടുക്കാൻ തന്റെ മികവുറ്റ പ്രവർത്തനങ്ങൾ വഴി രാഹുലിന് കഴിഞ്ഞതായി സെയ്ഫ് അലി ഖാൻ ചൂണ്ടിക്കാട്ടി.
അഭിമുഖത്തിനിടെ, നിങ്ങളുടെ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണ്? എന്ന ഇന്ത്യ ടുഡേയിലെ മാധ്യമ പ്രവർത്തകൻ രാഹുൽ കൻവലിന്റെ ചോദ്യത്തിനാണ് ‘രാഹുൽ ഗാന്ധിയാണ് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരൻ’ എന്ന് സെയ്ഫ് അലി ഖാൻ മറുപടി നൽകിയത്. ഏതു തരത്തിലുള്ള രാഷ്ട്രീയക്കാരോടാണ് നിങ്ങൾക്ക് താൽപര്യമെന്ന ചോദ്യത്തിന് ‘ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരനെയാണ് എനിക്കിഷ്ടം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
പിന്നാലെ, ഇഷ്ട രാഷ്ട്രീയക്കാരൻ ആരെന്ന ചോദ്യത്തിനൊപ്പം അവതാരകൻ ഉത്തരത്തിന്റെ തെരഞ്ഞെടുപ്പിനായി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ എന്നീ പേരുകളാണ് സെയ്ഫിന്റെ മുന്നിൽവെച്ചത്. ഇവർ എല്ലാവരും ധീരരായ രാഷ്ട്രീയക്കാരാണെന്ന് പറഞ്ഞ സെയ്ഫ് അലി ഖാൻ, ‘രാഹുൽ ഗാന്ധി മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്’ എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. പലരും അവഹേളനങ്ങളുമായി ചുറ്റംകൂടിയിട്ടും അവരെയെല്ലാം മാറ്റിപ്പറയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വളരെ സ്വീകാര്യമായ രീതിയിൽ കഠിനമായി അധ്വാനിച്ചാണ് രാഹുൽ ഗാന്ധി അത് സാധ്യമാക്കിയതെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.
വിഡിയോ ‘എക്സ്’ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിക്കഴിഞ്ഞു. മോദിയുടെ പേര് പറഞ്ഞില്ലെന്നതിൽ സംഘ് പരിവാർ അനുകൂലികൾ സെയ്ഫിനു നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു വേദിയിൽ ധൈര്യപൂർവം തന്റെ അഭിപ്രായം തുറന്നുപറഞ്ഞ നടനെ പ്രകീർത്തിക്കുകയാണ് ഭൂരിഭാഗം പേരും. രാഷ്ട്രീയ കാറ്റ് രാഹുലിന് അനുകൂലമായി വീശുന്നതിന്റെ സൂചനകളിലൊന്നാണ് സെയ്ഫിന്റെ അഭിപ്രായ പ്രകടനമെന്ന് വിലയിരുത്തുന്നവരേറെ.
തന്റെ പുതിയ ചിത്രമായ ‘ദേവര’യുടെ പ്രമോഷന്റെ ഭാഗമായാണ് സെയ്ഫ് വ്യാഴാഴ്ച ഇന്ത്യ ടുഡേ കോൺക്ലേവിലെത്തിയത്. സെയ്ഫ് അലി ഖാൻ നായകനായ ദേവരയുടെ ഒന്നാം ഭാഗം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. സെയ്ഫിനൊപ്പം ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ കോർട്ടല ശിവയാണ്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.