'അവർക്ക് പിന്തുണക്കാമായിരുന്നു, പക്ഷേ ചെയ്തില്ല'; പി.ടി. ഉഷയും മേരികോമും ഗുസ്തി താരങ്ങളുടെ സമരത്തിൽ നിശ്ശബ്ദത പാലിച്ചു -സാക്ഷി മാലിക്
text_fieldsതിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷയും ബോക്സിങ് മുൻ വനിതാ ലോകചാംപ്യൻ മേരികോമും വനിത ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ചില്ലെന്ന് സാക്ഷി മാലിക്. ബ്രിജ് ഭൂഷണിൽ നിന്ന് തങ്ങൾ നേരിട്ട എല്ലാ ദുരനുഭവങ്ങളും അവരോട് പറഞ്ഞിട്ടും പിന്തുണയുണ്ടായില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'പി.ടി. ഉഷ മാഡം ഞങ്ങളുടെ പ്രതിഷേധ സ്ഥലത്ത് വന്നിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ വിശദമായിത്തന്നെ അവരോട് സംസാരിച്ചു. അവർക്ക് ഞങ്ങളെ പിന്തുണക്കാമായിരുന്നു. എന്നാൽ, പിന്തുണക്കുമെന്ന് വാഗ്ദാനം നൽകിയതല്ലാതെ അവർ ഒന്നും ചെയ്തില്ല. വിഷയത്തിൽ നിശ്ശബ്ദത പാലിക്കുക മാത്രമാണ് ചെയ്തത്.'
'ഗുസ്തി താരങ്ങളുടെ പരാതിയെ തുടർന്നുള്ള മേൽനോട്ട സമിതിയിലെ അംഗമായിരുന്നു മേരികോം. പരാതിക്കാർ അവരുടെ ദുരനുഭവങ്ങൾ വിവരിച്ചപ്പോൾ മേരികോം വൈകാരികമായി പ്രതികരിച്ചിരുന്നു. ഞങ്ങളോടൊപ്പമുണ്ടാകുമെന്നും പറഞ്ഞു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ അനുകൂലമായ ഒരു തീരുമാനവുമുണ്ടായില്ല. ഞങ്ങളെ കായിക മേഖലയിൽ പ്രചോദിപ്പിച്ച മേരികോമിന്‍റെ നിശ്ശബ്ദത ഏറെ നിരാശയുണ്ടാക്കി' -സാക്ഷി മാലിക് പറഞ്ഞു.
ലൈംഗികാതിക്രമം നേരിടേണ്ടിവന്ന കായികതാരങ്ങള്‍ക്കുവേണ്ടി പോരാടിയതില്‍ അഭിമാനമുണ്ട്. സമൂഹത്തില്‍ സ്ഥാനമുള്ള, ശബ്ദമുള്ള തന്നെപ്പോലെയുള്ളവര്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ നിസ്സഹായരായ ആ പെണ്‍കുട്ടികള്‍ക്ക് എങ്ങനെ പ്രതികരിക്കാനാവും? ആര് അവര്‍ക്കു വേണ്ടി സംസാരിക്കുമെന്നും സാക്ഷി മാലിക് ചോദിച്ചു.
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ് ഭൂഷൻ സിങ്ങിന്‍റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഗുസ്തി താരങ്ങളുടെ സമരത്തിന് നേതൃത്വം നൽകിയത് സാക്ഷി മാലിക്കായിരുന്നു. ബ്രിജ് ഭൂഷന്‍റെ വിശ്വസ്തർ ഗുസ്തി ഫെഡറേഷന്‍റെ ഭാരവാഹികളായതിന് പിന്നാലെ താൻ ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.