‘വിജയിച്ചപ്പോൾ വിരുന്നിന് ക്ഷണിച്ചു; സമരം ചെയ്തപ്പോൾ മിണ്ടാതിരുന്നു’; മോദിയുടെ മൗനം വേദനിപ്പിച്ചെന്ന് സാക്ഷി മാലിക്
text_fieldsന്യൂഡല്‍ഹി: സമരം ചെയ്തപ്പോൾ മിണ്ടാതിരുന്ന പ്രധാനമന്ത്രി മോദിയുടെ നടപടി വേദനിപ്പിച്ചെന്ന് ഗുസ്തി താരം സാക്ഷി മാലിക്. പ്രധാനമന്ത്രിക്ക് തങ്ങള്‍ സമരം ചെയ്യുന്നത് എന്തിനാണെന്ന് അറിയാമായിരുന്നെന്നും എന്നിട്ടും ഒന്നും ചെയ്തില്ലെന്നും സാക്ഷി ബി.ബി.സിയോട് പറഞ്ഞു.
‘ഞങ്ങള്‍ മെഡലുകൾ വിജയിച്ചപ്പോള്‍ അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. വളരെ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് അദ്ദേഹം പെരുമാറിയത്. ഇപ്പോൾ ഈ വിഷയത്തില്‍ അദ്ദേഹം നിശബ്ദത പാലിക്കുന്നത് വേദനിപ്പിക്കുന്നുണ്ട്’-സാക്ഷി മാലിക് പറഞ്ഞു.
‘40 ദിവസത്തോളം ഞങ്ങള്‍ തെരുവിലിരുന്നു. ഞങ്ങളെന്തിനാണ് പ്രതിഷേധിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നിട്ടും ഒന്നും ചെയ്തില്ല. തീർച്ചയായും പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടുകയും പൊലീസ് അന്വേഷണം നിഷ്പക്ഷമാണെന്ന് ഉറപ്പാക്കുകയും വേണം. ഞങ്ങൾക്ക് വേണ്ടത് നീതിയുക്തവും ശരിയായതുമായ അന്വേഷണമാണ്’-അവർ കൂട്ടിച്ചേർത്തു.
ബ്രിജ് ഭൂഷണെതിരെയുള്ള കേസ് ഏത് തരത്തിലുള്ളതാണെന്ന് നോക്കിയിട്ട് അടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന് ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.
‘ബ്രിജ് ഭൂഷണെതിരെ ഏതൊക്കെ തരത്തിലുളള കേസുകളാണോ എടുക്കുന്നത് അതിന് അനുസരിച്ചായിരിക്കും അടുത്തതായി എന്ത് നടപടിയെടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിക്കില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആരോപണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദം കൊണ്ടാകാമെന്നും സാക്ഷി പറഞ്ഞു. പോക്‌സോ പ്രകാരമുള്ള കുറ്റങ്ങള്‍ ബാധകമല്ലെങ്കിലും സിങ്ങിനെതിരെ നിരവധി പരാതികളുണ്ടെന്ന് സാക്ഷി മാലിക് പറഞ്ഞു.
‘പരാതിക്കാരിയുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ആരോപണം പിന്‍വലിക്കാന്‍ താരത്തിന് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു. പോക്‌സോ പ്രകാരമുള്ള കേസുകള്‍ ബാധകമല്ലെങ്കില്‍ പോലും സിങ്ങിനെതിരെ നിരവധി പരാതികളുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. പക്ഷേ നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യമല്ലെന്ന് തോന്നുന്നു,’ സാക്ഷി പറഞ്ഞു.
ബ്രിജ് ഭൂഷനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഏഷ്യൻ ഗെയിംസ് ബഹിഷ്കരിക്കുമെന്ന് നേരത്തേ സാക്ഷി പറഞ്ഞിരുന്നു. ഹരിയാനയിലെ സോനിപ്പത്തിൽ ശനിയാഴ്ച നടന്ന കർഷ മഹാഖാപ് പഞ്ചായത്തിലാണ് സാക്ഷി ഇക്കാര്യം പറഞ്ഞത്. ഞങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കൂ. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത നിലയിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നതെന്നും അവർ പറഞ്ഞു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ ചൈനയിലാണ് ഏഷ്യൻ ഗെയിംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.