'ഗുസ്തി അവസാനിപ്പിച്ചു'; നിറകണ്ണുകളോടെ പ്രഖ്യാപിച്ച് സാക്ഷി മലിക്
text_fieldsന്യൂഡൽഹി: വനിത താരങ്ങളുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷ സ്ഥാനത്തെത്തിയതിന് പിന്നാലെ, ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മലിക്. വാർത്താസമ്മേളനത്തിൽ വൈകാരികമായി പ്രതികരിച്ച സാക്ഷി, തന്‍റെ ബൂട്ട് ഉപേക്ഷിച്ചാണ് മടങ്ങിയത്.
ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിൽ 40 ദിവസമാണ് ഞങ്ങൾ തെരുവോരത്ത് ഉറങ്ങിയതെന്ന് 32കാരിയായ സാക്ഷി പറഞ്ഞു. ഞങ്ങൾക്ക് പിന്തുണയുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി. ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനാവുകയാണെങ്കിൽ ഞാൻ ഗുസ്തി അവസാനിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടു -സാക്ഷി കണ്ണീരോടെ പറഞ്ഞു.
രാജ്യത്തിനുവേണ്ടി ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ വനിത ഗുസ്തി താരമാണ് സാക്ഷി. 2016ലെ റിയോ ഒളിമ്പിക്സിൽ 58 കിലോ വിഭാഗം ഗുസ്തിയിലാണ് സാക്ഷി വെങ്കലം സ്വന്തമാക്കിയത്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ബി.ജെ.പി എം.പിയും മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള സമരത്തിന്‍റെ മുൻനിരയിൽ സാക്ഷിയുണ്ടായിരുന്നു.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ്ങാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. ബ്രിജ് ഭൂഷന്റെ പാനലിനു തന്നെയാണ് തെരഞ്ഞെടുപ്പില്‍ ആധിപത്യം.
അനിത ഷെറോണിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 40 വോട്ടുകളാണ് സഞ്ജയ് സിങ് നേടിയത്. യു.പി ഗുസ്തി അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ദീര്‍ഘ നാളായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് സഞ്ജയ് സിങ്.
വനിത ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നിലവിൽ ജാമ്യത്തിലാണ് ബ്രിജ് ഭൂഷൺ. അധ്യക്ഷനായില്ലെങ്കിലും ഫെഡറേഷനെ നിയന്ത്രണത്തിൽ നിർത്താനുള്ള ബ്രിജ് ഭൂഷന്‍റെ നീക്കമാണ് വിശ്വസ്തനെ അധ്യക്ഷ സ്ഥാനത്തെത്തിച്ചതിലൂടെ ലക്ഷ്യംകണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.