കർണാടക ക്ഷേത്രങ്ങളിലെ 'സലാം ആരതി' ഇനി 'ആരതി നമസ്കാര'
text_fieldsബംഗളൂരു: കർണാടകയിലെ വിവിധ ക്ഷേത്രങ്ങളിലെ പ്രത്യേക പൂജയായ 'ദേവഡിഗെ സലാ'മിന്റെ പേര് മാറ്റുന്നു. മൈസൂർ രാജ്യത്തിന്റെ ക്ഷേമത്തിനായി ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പ്രത്യേക പൂജയുടെ പേര് മാറ്റണമെന്ന് ഹിന്ദുത്വ സംഘടനകൾ ആവശ്യമുയർത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ 'ദേവഡിഗെ സലാം' ചടങ്ങിലെ 'സലാം ആരതി' പൂജയെ 'ആരതി നമസ്കാര' എന്നും 'സലാം മംഗളാരതി' പൂജയെ 'മംഗളാരതി നമസ്കാര' എന്നുമാണ് വിളിക്കുക. പേരുമാറ്റം സംബന്ധിച്ച സർക്കുലർ ഉടൻ മുസ്റെ വകുപ്പ് പുറപ്പെടുവിക്കുമെന്നാണ് വിവരം.
ക്ഷേത്ര ഭരണവകുപ്പായ മുസ്റെ വകുപ്പിന് കീഴിലെ ക്ഷേത്രപൂജാരികളുടെ സംഘടനയായ കർണാടക ധാർമിക പരിഷത്തും ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരുന്നു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം, പുത്തൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, മാണ്ഡ്യ മേലുകോട്ടെ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ 'ദേവഡിഗെ സലാം' നടക്കുന്നുണ്ട്. ടിപ്പുവിന്റെ കാലത്ത് രാജ്യ ക്ഷേമത്തിനായി ആരംഭിച്ച പൂജ ചടങ്ങ് പിന്നീട് അദ്ദേഹത്തിന്റെ മരണശേഷവും സംസ്ഥാന ഭരണത്തിന്റെ ക്ഷേമത്തിനായി ചില ക്ഷേത്രങ്ങളിൽ തുടർന്നു. ഇപ്പോൾ ജനക്ഷേമത്തിനായാണ് ചടങ്ങ്.
സലാം എന്നത് സംസ്കൃത പദമല്ലാത്തതിനാലാണ് മാറ്റുന്നത്. അതിനാലാണ് നമസ്കാര ഉപയോഗിക്കുന്നതെന്നാണ് ധാർമികാര പരിഷത്തിന്റെ വാദം. സലാം ആരതി എന്ന പേര് അടിമത്തത്തിന്റേതാണെന്നും ചടങ്ങുതന്നെ നിർത്തണമെന്നും ടിപ്പുവിനെ എതിർക്കുന്ന ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പേരുമാറ്റുന്നുവെങ്കിലും പൂജ ചടങ്ങ് മാറ്റേണ്ടെന്നാണ് തീരുമാനം. അതേസമയം, മുസ്റെ വകുപ്പിന്റെ പേര് മാറ്റാനുള്ള ശ്രമവും തുടങ്ങി. വൈകാതെ 'ധർമദായ ദത്തി വകുപ്പ്' എന്ന് പുനർനാമകരണം ചെയ്യുമെന്നാണ് വിവരം. 'ദേവഡിഗെ സലാം' ചടങ്ങ് ക്ഷേത്രങ്ങളിൽ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലെ മതസൗഹാർദത്തിന്റെ പ്രതീകമായി നിലനിന്നിരുന്നതാണെന്നും ആ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും സാംസ്കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.