യു.പിയിൽ ഹജ്ജിനും ഉംറക്കും പോയ മദ്റസ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചു
text_fieldsലഖ്നോ: അധികൃതരുടെ അനുമതിയോടെ ഔദ്യോഗികമായി അവധിയെടുത്ത് ഹജ്ജിനും ഉംറക്കും പോയ ഉത്തർപ്രദേശ് മദ്റസ എജുക്കേഷൻ കൗൺസിലിന് കീഴിലുള്ള അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചു. മഊ, അഅ്സംഗഢ്, മഹാരാജ് ഗഞ്ജ്, ഖുശി നഗർ, അംബേദ്കർ നഗർ, അയോധ്യ, ബൽറാംപുർ, ഭദോഹി എന്നിവിടങ്ങളിലെ ജില്ല ന്യൂനപക്ഷ ഓഫിസർമാരാണ് നടപടിയെടുത്തത്.
യു.പിയിൽ രജിസ്റ്റർ ചെയ്ത 16,460 മദ്റസകളിൽ 560 എണ്ണത്തിന് സർക്കാർ ഗ്രാന്റ് ലഭിക്കുന്നുണ്ട്. അധ്യാപകർക്കുള്ള ശമ്പളവും സർക്കാറാണ് നൽകുന്നത്. 2016ലെ മദ്റസ നിയമപ്രകാരം സെക്കൻഡറി, ബേസിക് അധ്യാപകർക്കുള്ള എല്ലാ ആനുകൂല്യങ്ങളും മദ്റസ അധ്യാപകർക്കുമുണ്ട്. നിയമപ്രകാരം ആർജിത അവധിയെടുത്ത് ഹജ്ജിനും ഉംറക്കും പോയവരുടെ ശമ്പളമാണ് വെട്ടിക്കുറക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇതിനുപുറമെ ഇവർക്ക് ശമ്പള ഇൻക്രിമെന്റ് നൽകാതിരിക്കാൻ മാനേജ്മെന്റുകൾക്കുമേൽ ഓഫിസർമാർ സമ്മർദം ചെലുത്തുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.