'എന്തിനാണ് താങ്കൾ എെൻറ മതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്'; അയൽവാസിയെ കോടതിയിൽ ചോദ്യം ചെയ്ത് സൽമാൻ ഖാൻ
text_fieldsഅയൽവാസിക്കെതിരായ അപകീർത്തിക്കേസിൽ കൂടുതൽ വിമര്‍ശനവുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. അയൽവാസി തന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടിമാത്രം തന്റെ മതത്തെ വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് സൽമാൻ ഖാൻ കുറ്റപ്പെടുത്തി. 'എന്റെ അമ്മ ഒരു ഹിന്ദുവാണ്. അച്ഛൻ മുസ്‍ലിമും. സഹോദരങ്ങൾ വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നവരാണ് ഞങ്ങൾ. പിന്നീട് എന്തിനാണ് താങ്കൾ എന്റെ മതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?'- സൽമാൻ ഖാൻ കോടതിയിൽ ചോദിച്ചു.
സൽമാൻ ഖാന്റെ മുംബൈ പൻവേലിലെ ഫാംഹൗസിനടുത്തുള്ള ഭൂമിയുടെ ഉടമയായ കേതൻ കക്കാഡിനെതിരെയാണ് താരം അപകീർത്തിക്കേസ് നൽകിയിരിക്കുന്നത്. ഒരു യൂടൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസിൽ ഖാൻ പറയുന്നത്. ഡി-കമ്പനിയിൽ മുൻനിര അംഗമാണ് സൽമാൻ ഖാനെന്ന് കേതൻ അഭിമുഖത്തിൽ ആരോപിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായെല്ലാം അടുത്ത ബന്ധമുള്ള നടന് കുട്ടിക്കടത്ത് നടത്തുന്നുണ്ടെന്നും നിരവധി ചലച്ചിത്രതാരങ്ങളെ ഖാന്റെ ഫാംഹൗസിൽ കൊന്നു കുഴിച്ചുമൂടിയിട്ടുണ്ടെന്നുമെല്ലാം ആരോപണം തുടരുന്നു.
കേതന്റെ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നും വെറും ആരോപണങ്ങൾ മാത്രമാണെന്നും ഖാന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 'ഇത്തരം ആരോപണങ്ങൾ നടത്താൻ താങ്കളൊരു ഗുണ്ടയല്ല; വിദ്യാഭ്യാസമുള്ളയാളാണ്. ആളെ വിളിച്ചുകൂട്ടി സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ എല്ലാ പകയും ദേഷ്യവുമെല്ലാം പറഞ്ഞുതീർക്കുന്നത് ഇപ്പോൾ ഏറ്റവും എളുപ്പമുള്ള ഒരു പണിയാണ്' അഭിഭാഷകൻ കൂട്ടിച്ചേർത്തു.
അയൽവാസി അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് സൽമാൻ ഖാനാണ് കോടതിയെ സമീപിച്ചത്. നടന്റ പരാതിയിൽ അയൽവാസിയായ കേതൻ കക്കാഡിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഭൂമി വിൽപന ഇടപാടുമായി ബന്ധപ്പെട്ട് കേതൻ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് സൽമാൻ ഖാന്റെ ആരോപണം.
ഖാന്റെ പൻവേൽ ഫാംഹൗസിന് സമീപം കേതൻ കക്കാഡിന് വസ്തു ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിലേക്ക് നയിച്ചത്. യൂട്യൂബ് അഭിമുഖത്തിലാണ് കേതൻ നടനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്.
കേതൻ കക്കാഡിനെ കൂടാതെ അഭിമുഖത്തിൽ പങ്കാളികളായ മറ്റുരണ്ട് പേർക്കെതിരെയും നടന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. അഭിമുഖം നീക്കം ചെയ്യണമെന്ന് നടൻ ആവശ്യപ്പെട്ടതിനാൽ ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയെയും കേസിൽ കക്ഷിചേർത്തിട്ടുണ്ട്.
കേതൻ കക്കാഡിന്റെ പൻവേലിലെ ഭൂമി ഇടപാട് റദ്ദാക്കിയതിന് പിന്നിൽ നടനാണെന്നാരോപിച്ചാണ് ഖാനെതിരെ വിമർശനം ഉന്നയിച്ചത്. എന്നാൽ, തന്റെ ഫാം ഹൗസിനോട് ചേർന്ന് കേതൻ ഒരു സ്ഥലം വാങ്ങാൻ ശ്രമിച്ചിരുന്നുവെന്നും നിയമപ്രശ്നങ്ങളെ തുടർന്ന് അധികൃതരാണ് ഇടപാട് റദ്ദാക്കിയെന്നും ഖാന്റെ അഭിഭാഷകൻ വ്യക്തമാക്കി. സംഭവത്തിൽ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തുന്നത് നടനെയും കുടുംബത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.