സൽമാൻ ഖാന് ഭീഷണി കത്ത്: ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്‍റെ പങ്ക് സ്ഥിരീകരിച്ച് മുംബൈ പൊലീസ്
text_fieldsമുംബൈ: സൽമാൻ ഖാന് ഭീഷണി കത്ത് അയച്ചത് അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ സംഘം തന്നെയാണെന്ന് മുംബൈ പൊലീസ് സ്ഥരീകരിച്ചു. സൽമാൻ ഖാന്റെ പിതാവ് സലിം ഖാന് കത്ത് കൈമാറിയ പ്രതികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ലോറൻസ് ബിഷ്‌ണോയി സംഘത്തിലുള്ള മഹാകൽ എന്ന സിദ്ധേഷ് ഹിരാമൻ കാംബ്ലെയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ബിഷ്‌ണോയിയുടെ സഹായി വിക്രം ബരാദാണ് കത്ത് സലിം ഖാനിലേക്ക് എത്തിച്ചതെന്ന് പ്രതിയായ മഹാകൽ വെളിപ്പെടുത്തിയതായി മുംബൈ പൊലീസ് അറിയിച്ചു. ജയിലിലുള്ള ലോറൻസ് ബിഷ്‌ണോയ് ആണ് പദ്ധതി ആസൂത്രണം ചെയ്തത്. രാജസ്ഥാനിലെ ജലോറിൽ നിന്ന് കത്ത് കൈമാറാൻ മുംബൈയിലേക്കെത്തിയ ഇയാളുടെ സംഘത്തിലെ മൂന്ന് പേർ മഹാകലിനെ കണ്ടിരുന്നു. പ്രതികളായ ഇവരെ എല്ലാവരേയും ഉടൻ അറസ്റ്റ് ചെയ്യും. പ്രതികളെ പിടികൂടുന്നതിന് ആറ് സംഘങ്ങളെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മുംബൈയിലെ ബാന്ദ്ര ഏരിയയിൽ നിന്ന് സൽമാൻ ഖാന്റെ പിതാവ് സലിം ഖാന് ഭീഷണി കത്ത് കിട്ടിയത്.
അതേസമയം, പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെ വാലയെ കഴിഞ്ഞ മാസം പഞ്ചാബിൽ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിലെ ചില ഉദ്യോഗസ്ഥരും ബുധനാഴ്ച പൂനെയിൽ എത്തി. സിദ്ദു മൂസെ വാലയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ ലോറൻസ് ബിഷ്‌ണോയിയാണെന്ന് ഡൽഹി പൊലീസ് ബുധനാഴ്ച പറഞ്ഞിരുന്നു. സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ അടുത്ത അനുയായി സിദ്ധേഷ് ഹിരാമൻ കാംബ്ലെയെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ ഇതുവരെ എട്ട് പേർ പിടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.